തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഒരു മുഖ്യമന്ത്രിക്കുപോലും അഭിപ്രായസ്വാതന്ത്ര്യമോ സഞ്ചാരസ്വാതന്ത്ര്യമോ ഇല്ലാത്ത നാടായി രാജ്യം മാറിയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണം. ഇന്ന് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി പ്രകടനവും പൊതുയോഗങ്ങളും ഉള്‍പ്പടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ജനാധിപത്യവിശ്വാസികളാകെ ഈ പ്രശ്‌നത്തില്‍ പ്രതിഷേധിക്കണം. ഈ സ്ഥിതി തുടര്‍ന്നാല്‍ അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത നാടായി രാജ്യം മാറും. ഒരു മുഖ്യമന്ത്രിക്കുപോലും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെങ്കില്‍ ഈ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു. ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

അതേസമയം മധ്യപ്രദേശില്‍നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി വിമാനത്താവളത്തില്‍വെച്ച് ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നില്ല. അതേസമയം ഇന്നു കൊച്ചിയില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ കാണാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.