ഇതിന്റെ ഭാഗമായി യൂത്ത് കോണ്ഗ്രസും ഐ എന്‍ ടി യു സിയും പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി സഡറക്ടറുടെ ഓഫീസിലേക്ക് മാര്ച്ച് നടത്തി. സമരം കൂടുതല്‍ ശക്തമാക്കാന്‍ വിവിധ സംഘടനകള്‍ ആലോചിക്കുന്നുണ്ട്.

തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴ്‌ന്നതിനെ തുടര്‍ന്നാണ് കെ ടി ഡി സിയുടെ വലിയ ബോട്ടായ ജലരാജയുടെ സര്‍വ്വീസ് നിര്‍ത്തി വയ്ക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത്. ദീപാവലി അടുത്ത സമയത്തുള്ള ഈ നടപടി കുമളിയുടെ സാമ്പത്തിക മേഖലയെ തകര്‍ക്കമെന്നാരോപിച്ചാണ് യൂത്ത് കോണ്ഗ്രസ് മാര്‍ച്ച് നടത്തിയത്. കുമളി ടൗണില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് തേക്കടിയില്‍ വനംവകുപ്പിന്റെ ചെക്കു പോസ്റ്റില്‍ പൊലീസ് തടഞ്ഞു.

തേക്കടിയില്‍ വിനോദ സഞ്ചാര സീസണ്‍ ആരംഭിച്ച സമയത്ത് വലിയ ബോട്ടുകളുടെ സര്‍വ്വീസ് നിര്‍ത്തിയത് ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കും. ഇത് വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകും. അതിനാല്‍ ടൂറിസം രംഗത്തുള്ളവര്‍ കൂടുതല്‍ പ്രതിഷേധവുമായി രംഗത്തെത്താന്‍ തയ്യാറെടുക്കുന്നുണ്ട്.

അതേസമയം അപകട സാധ്യത മുന്നില്‍ കണ്ടാണ് വലിയ ബോട്ട് ഓടിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് വനംവകുപ്പിന്റെ നിലപാട്. കെ ടി ഡി സിയുടെ ചെറിയ ബോട്ടുകള്‍ ഓടിക്കുന്നത് നിരോധിച്ചിട്ടില്ലെന്നും വനംവകുപ്പ് പറയുന്നു. എന്നാല്‍ അര കിലോമീറ്റര്‍ താല്‍ക്കാലിക ബോട്ടു ജെട്ടി നിര്‍മ്മിച്ച് ബോട്ടുകള്‍ അവിടെ നിന്നും ഓടിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല.