അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്ന മധുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നത് ബന്ധുക്കളും നാട്ടുകാരും തടഞ്ഞു. പ്രതികളെ എല്ലാവരെയും പിടികൂടിയ ശേഷമേ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കൂ എന്നായിരുന്നു ഇവരുടെ നിലപാട്. മധുവിന്റെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ മോര്‍ച്ചറിക്ക് മുന്നിലിരുന്നു പ്രതിഷേധിച്ചു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂറിന് ശേഷവും പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മാറ്റാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചിരുന്നില്ല. പിന്നീട് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ മധുവിന്റെ അമ്മയോടും മറ്റുള്ളവരോടും ചര്‍ച്ച നടത്തി. അതേസമയം മരണത്തിന് കാരണമായ മുറിവുകളൊന്നും ഇന്‍ക്വസ്റ്റ് നടത്തവെ മധുവിന്റെ ശരീരത്തില്‍ കണ്ടെത്തിയില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കൂടുതല്‍ വ്യക്തത വരുത്താനാവൂ എന്നും പാലക്കാട് എസ്.പി പറഞ്ഞു. പൊലീസുദ്ദ്യോഗസ്ഥരുടെ ചര്‍ച്ചയെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയതോടെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.