വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമാക്കി യമനിലെ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ലോക രാജ്യങ്ങളും നേതാക്കളും ഹൂതി നടപടിയെ ശക്തമായി അപലപിച്ചു. സംഘര്‍ഷം ഇനിയും നീണ്ടു പോകണമെന്ന ലക്ഷ്യത്തോടെയാണ് ഹൂത്തികളുടെ ആക്രമണമെന്ന് ജി.സി.സി രാജ്യങ്ങള്‍ പ്രതികരിച്ചു. പുണ്യസ്ഥലങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ധിക്കാരമാനെന്നു അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബു ഗൈദ് പറഞ്ഞു. ഹൂതികളുടെ യഥാര്‍ത്ഥ ലക്ഷ്യം തുറന്നു കാട്ടുന്നതാണ് നടപടിയെന്ന് മുസ്ലിം വേള്‍ഡ് ലീഗ് അഭിപ്രായപ്പെട്ടു. വിശുദ്ധ കഅ്ബാലയത്തിന് നേരെ ആക്രമണം നടത്തുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന ഇറാന് എങ്ങനെ ഇസ്ലാമിക രാജ്യമാകാന്‍ സാധിക്കുമെന്ന് യു.എ.ഇ വിദേശമന്ത്രി ഷെയ്ഖ്‌ അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ചോദിച്ചു. ഹൂതികള്‍ക്കെതിരെ എല്ലാ മുസ്ലിം രാജ്യങ്ങളും ഒന്നിക്കണമെന്ന് ബഹ്‌റൈന്‍ ആവശ്യപ്പെട്ടു. മക്കയുടെ പവിത്രതയ്‌ക്ക്‌ കളങ്കമേല്‍പ്പിക്കുന്നവരെ പരാചയപ്പെടുത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ഖത്തര്‍ വ്യക്തമാക്കി. 

ഓരോ ഇസ്ലാം മത വിശ്വാസിയെയും പ്രകോപിപ്പിക്കുന്ന നടപടിയാണ് ഇറാന്റെ സാഹായത്തോടെ ഹൂതികള്‍ ചെയ്തതെന്ന് സൗദിയിലെ ഉന്നത പണ്ഡിത സഭയും സൗദി ശൂറാ കൗണ്‍സിലും പ്രതികരിച്ചു. പുണ്യസ്ഥലങ്ങള്‍ തകര്‍ക്കാനുള്ള ഹൂതികളുടെ ശ്രമത്തെ അറുപത്തിയഞ്ചു കിലോമീറ്റര്‍ അകലെ വെച്ച് സൗദി സുരക്ഷാസേന തകര്‍ക്കുകയായിരുന്നു. എന്നാല്‍ ജിദ്ദാ വിമാനത്താവളമാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. കഴിഞ്ഞ ഒമ്പതാം തിയ്യതിയും മക്കയ്‌ക്ക് നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നുവെങ്കിലും മക്കയ്‌ക്ക് നാല്പത് കിലോമീറ്റര്‍ അകലെ തായിഫിനു സമീപം വെച്ച് സഖ്യസേന അത് തകര്‍ത്തു.