കര്‍ഷക സമരം മാധ്യമശ്രദ്ധ നേടാനുള്ള വേല സമരം ചെയ്യാനുള്ള സാഹചര്യം ഇന്ത്യയിലില്ല നഷ്ടം കര്‍ഷകര്‍ക്ക് 

ദില്ലി: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം മാധ്യമശ്രദ്ധ നേടാനുള്ള വേല മാത്രമാണെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ സിങ്. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷപ്രതികരണമാണുണ്ടായിരിക്കുന്നത്. അനവസരത്തിലുള്ള പരാമര്‍ശമാണ് മന്ത്രിയുടേതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല ഖട്ടറും കര്‍ഷകരുടെ സമരത്തെ വിമര്‍ശിച്ചിരുന്നു. സമരം ചെയ്യാനുള്ള സാഹചര്യമൊന്നും ഇന്ത്യയിലില്ലെന്നും ഇങ്ങനെ സമരം ചെയ്താല്‍ അതിന്‍റെ നഷ്ടം കര്‍ഷകര്‍ക്ക് തന്നെയായിരിക്കുമെന്നും സമരം തീര്‍ത്തും അനാവശ്യമാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞിരുന്നു. 104 കര്‍ഷക സംഘടനകളുടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 10 ദിവസത്തെ സമരം.

മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ സമരം ശക്തിപ്പെട്ടതോടെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വന്‍ വിലവര്‍ധനവാണുണ്ടായിരിക്കുന്നത്. നഗരങ്ങളിലേക്ക് പച്ചക്കറികളും പഴങ്ങളും പാലുമെല്ലാം അയക്കാന്‍ സമ്മതിക്കാതെയും പാലും പച്ചക്കറികളും റോഡിലൊഴുക്കിയുമാണ് കര്‍ഷകരുടെ സമരം. സമരം ചന്തകളെ കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും എത്താതിനെ തുടര്‍ന്ന് വിവിധ നഗരങ്ങളിലെ ചന്തകള്‍ അടക്കുകയാണ്.