2014ല്‍ പൂനെയില്‍ നമസ്‌കാര ശേഷം നടന്നു പോവുകയായിരുന്ന മുഹ്‌സിന്‍ ശൈഖ് എന്ന 28കാരനാണ് കൊല്ലപ്പെട്ടത്. ഛത്രപതി ശിവജിക്കും ബാല്‍താക്കറേയ്ക്കും എതിരായ ചില ഫേസ്ബുക്ക് പോസ്റ്റുകളുടെ പശ്ചാത്തലത്തില്‍ മുസ്‌ലികംളെ ശരിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദു രാഷ്ട്ര സേനാ യോഗത്തിനുശേഷം തെരുവില്‍ ആയുധങ്ങളുമായി ഇറങ്ങിയ പ്രതികള്‍ മുന്നില്‍വന്ന മുഹ്‌സിന്‍ ശൈഖിനെ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് കേസ്. ഈ കേസില്‍ അറസ്റ്റിലായ 21 പ്രതികളില്‍ മൂന്ന് പേര്‍ക്കാണ് കഴിഞ്ഞ ദിവസം മുംബൈ ഹൈക്കോടതിയിലെ ജസ്റ്റിസ് മൃദുല ഭട്കര്‍ ജാമ്യം നല്‍കിയത്. മറ്റുള്ളവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യം നല്‍കിക്കൊണ്ടുള്ള മുംബൈ ഹൈ കോടതിയുടെ ഉത്തരവിലെ പരാമര്‍ശങ്ങളാണ് സജീവചര്‍ച്ചയായത്. 

മറ്റൊരു മതക്കാരനായി എന്ന കുറ്റം മാത്രമാണ് കൊല്ലപ്പെട്ടയാളുടേതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് പ്രതികള്‍ക്ക് അനുകൂലമായ വശമാണ്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. മതത്തിന്റെ പേരില്‍ പ്രകോപിതരായതിനാല്‍ മാത്രമാണ് ഇവര്‍ കൊലപാതകം നടത്തിയത്. ഇതിനല്‍, ഇവര്‍ക്ക് ജാമ്യം  നല്‍കാമെന്നാണ് ജസ്റ്റിസ് മൃദുല ഭട്കര്‍ വ്യക്തമാക്കിയത്. 

കൊലയ്ക്ക് തൊട്ടു മുമ്പായി ഇവര്‍ ഹിന്ദു രാഷ്ട്ര സേനയുടെ യോഗത്തില്‍ പങ്കെടുത്തിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. മുഹ്‌സിനെതിരെ ഇതല്ലാതെ പ്രതികള്‍ക്ക് മറ്റ് വ്യക്തി വിദ്വേഷമുണ്ടായിരുന്നില്ല. യോഗത്തില്‍ ധനഞ്ജയ് ദേശായിയാണ് പ്രസംഗിച്ചത്. ഇദ്ദേഹം സദസ്യരെ ഇളക്കിവിടുകയായിരുന്നു. സദസ്സിലുള്ളവരില്‍ മതപരമായ പ്രകോപനം സൃഷ്ടിക്കുന്ന വിധത്തിലായിരുന്നു ദേശായിയുടെ പ്രസംഗം. കോടതിക്കു മുന്നിലെത്തിയ പ്രസംഗത്തിന്റെ കോപ്പി ഇക്കാര്യം തെളിയിക്കുന്നുണ്ട്. യോഗം കഴിഞ്ഞ ഉടനെ ആയിരുന്നു കൊലപാതകം-ജസ്റ്റിസ് മൃദുല വിധിയില്‍ പറയുന്നു.

വിധി ഞെട്ടിച്ചു കളഞ്ഞതായി മുഹ്‌സിന്റെ പിതാവും ബന്ധുക്കളും വ്യക്തമാക്കി. ജാമ്യം നല്‍കിയതിന് കോടതി പറയുന്ന കാരണങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്ന് മുഹ്‌സിന്റെ പിതാവ് സാദിഖ് ശൈഖ്  ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കോടതി പറയുന്ന കാരണം ബോധ്യമാവുന്നില്ല. പ്രകോപനപരമായ ഒരു പ്രസംഗം കേട്ടാല്‍ ഇതര മതത്തില്‍പ്പെട്ട നിരപരാധിയായ ഒരാളെ കൊല്ലാമെന്നാണോ പറയുന്നത്?  മൂന്ന് പ്രതികളും സംഭവസ്ഥലത്ത് വെച്ചാണ് പിടിയിലായത്. ജാമ്യ ഉത്തരവിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും സാദിഖ് ശൈഖ് പറയുന്നു. 

ജാമ്യം കൊടുത്ത നടപടിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാറും അപ്പീല്‍ പോവുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. 

പൂനെയിലെ സ്വകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന മുഹ്‌സിന്‍ ശൈഖ് സുഹൃത്ത് സഹോദരന്‍ റിയാസ് അഹമ്മദിനും സുഹൃത്ത് വാസിമിനുമൊപ്പം  നടന്നു പോവുമ്പോഴാണ് കൊല ചെയ്യപ്പെട്ടത്. ബൈക്കില്‍ ആയുധങ്ങളുമായി എത്തിയ പ്രതികള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹ്‌സിന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.  തുടര്‍ന്ന് സംഘടനയുടെ നേതാവ് ധനഞ്ജയ് ജയറാം ദേശായി എന്ന ഭായി അടക്കമുള്ള 21 ഹിന്ദു രാഷ്ട്ര സേനാ പ്രവര്‍ത്തകരെ ഹദാപസാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. കേസില്‍ നേരത്തെ 14 പേര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. അതിനു ശേഷമാണ് മുഖ്യ പ്രതികളായ വിജയ് രാജേന്ദ്ര ഗംഭീര്‍, ഗണേഷ് എന്ന രഞ്ജിത് ശങ്കര്‍, അജയ് ദിലീപ് ലാഗ്‌ലേ എന്നീ മുഖ്യപ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയത്. 

യോഗത്തിനുശേഷം ഹദപ്‌സര്‍ ഗോന്ദ്‌ലാ മാലയില്‍ ഒത്തുകൂടിയ പ്രതികള്‍ ഹോക്കി സ്റ്റിക്കുകളും മരത്തടികളും മറ്റുമായി ഇറങ്ങുകയായിരുന്നുവെന്ന് രണ്ട് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്  കുറ്റപത്രത്തില്‍ പറയുന്നു. ഫേസ്ബുക്കില്‍ ശിവജിക്കും താക്കറേയ്ക്കും എതിരെ പോസ്റ്റിടുന്ന പശ്ചാത്തലത്തില്‍്  മുസ്‌ലികംളെ കൈകാര്യം ചെയ്യണമെന്നും അവരുടെ വാഹനങ്ങളും കടകളും നശിപ്പിക്കണമെന്നും ധനഞ്ജയ് ദേശായി യോഗത്തില്‍ പ്രസംഗിച്ച തെളിവുകളും കുറ്റപത്രത്തിലുണ്ട്.