കേന്ദ്രത്തിന്റെ ഭാഗത്തു വീഴ്ചയില്ലെങ്കിൽ ഇത്രയും വലിയ ജനകീയ പ്രശ്നത്തിൽ ബിജെപി സമരം ചെയ്യാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനായിരുന്നു മറുപടി

കണ്ണൂർ: ഇന്ധന വിലവര്‍ദ്ധനവിന്‍റെ പേരില്‍ പേരിന് വേണ്ടി സമരം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. പെട്രോളിന്‍റെ വിലനിർണയാധികാരം എണ്ണക്കമ്പനികളെ ഏൽപിച്ചതു യുപിഎ സർക്കാരാണെന്നും നികുതി കുറയ്ക്കേണ്ടതു സംസ്ഥാന സർക്കാരുകളാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

കേന്ദ്രത്തിന്റെ ഭാഗത്തു വീഴ്ചയില്ലെങ്കിൽ ഇത്രയും വലിയ ജനകീയ പ്രശ്നത്തിൽ ബിജെപി സമരം ചെയ്യാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനായിരുന്നു മറുപടി. എണ്ണവില കുറയ്ക്കാനുള്ള നടപടി വൈകാതെയുണ്ടാകുമെന്നു ദേശീയ പ്രസിഡന്റ് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിൽ വിശ്വാസമുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

മറ്റു സംസ്ഥാനങ്ങളുടെ മാതൃകയിൽ കേരളം നികുതി കുറയ്ക്കാൻ തയാറാകണമെന്നും പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ സമയം മറ്റു പാർട്ടികളിൽനിന്നു ചുമതലയുള്ള പല രാഷ്ട്രീയ പ്രവർത്തകരും ബിജെപിയിലേക്കു വരുമെന്ന് ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു. ആരൊക്കെ വരും തുടങ്ങിയ തന്ത്രങ്ങൾ മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്താൻ കഴിയില്ല. അവൻ വരും, അവൻ ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നുവെന്നും ശ്രീധരൻ പിള്ള അവകാശപ്പെട്ടു.