തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. കേരളത്തിലെ സിപിഎം അക്രമം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ശ്രീധരൻപിള്ള. 

ഭരണസ്വാധീനം ഉണ്ടെന്നുള്ളതിന്‍റെ ബലത്തില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ  നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും ബിജെപി നേരിടും. ആസുത്രിതമായ ഉന്മൂലന ശ്രമത്തിനെതിരെ നിയമപരമായി പോരാടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വിഷയത്തെ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നതെന്നും എല്ലാ പിന്തുണയും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

അതിനിടെ ശബരിമല വിഷയം ഉന്നയിച്ച് ബിജെപി എംപിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചു. മുരളീധരന്‍ എംപിയുടെ വീടിന് നേരെ നടന്ന ആക്രമണത്തിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളിലും അപലപിച്ചാണ് എംപിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.