ശബരിമലയില്‍ കെ. സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പരാമര്‍ശത്തെ കടന്നാക്രമിച്ച് പി.എസ്. ശ്രീധരന്‍ പിള്ള. കടകംപള്ളിയുടെ അജ്ഞതയെക്കുറിച്ച് ഓർത്ത് താൻ ദുഃഖിക്കുന്നു. 

കോഴിക്കോട്: ശബരിമലയില്‍ കെ. സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പരാമര്‍ശത്തെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. കടകംപള്ളിയുടെ അജ്ഞതയെക്കുറിച്ച് ഓർത്ത് താൻ ദുഃഖിക്കുന്നു. മാന്യതയും അന്തസും ഉണ്ടെങ്കിൽ സുരേന്ദ്രന് എതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ കടകംപള്ളി തയ്യാറാകണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. 

സ്വന്തം അമ്മ മരിച്ചിട്ട് പുലയുള്ള ആളാണ് കെ.സുരേന്ദ്രനെന്നും ആചാരം ലംഘിച്ചുവെന്നുമാണ് കടകംപ്പള്ളി പറഞ്ഞത്. ദേവസ്വം മന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. ശ്രീനാരായണധര്‍മ്മത്തില്‍ വിശ്വസിക്കുന്ന സമുദായത്തിൽ ജനിച്ചയാളാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ‍. കെ.സുരേന്ദ്രനും അതേ സമുദായക്കാരനാണ്. മരണശേഷം കുടുംബാംഗങ്ങള്‍ക്കുള്ള പുല 11 ദിവസം കൊണ്ട് ഇല്ലാതെയാകുമെന്ന് ശ്രീനാരായണ ഗുരു എഴുതിവെച്ചിട്ടുണ്ട്. ഗുരുദേവ ധർമ്മത്തിൽ വിശ്വസിക്കുന്ന കുടുംബത്തിലാണ് സുരേന്ദ്രൻ ജനിച്ചത്. ഗുരുദേവൻ കൽപ്പിച്ചത് മാനിക്കുന്നുണ്ടെങ്കിൽ മന്ത്രി മാപ്പുപറയണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

അമ്മ മരിച്ച് നാലുമാസം പോലും തികയാതെയാണ് സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയതെന്നും ഇത് ആചാരലംഘനമാണ് എന്നുമായിരുന്നു ദേവസ്വം മന്ത്രിയുടെ ആരോപണം. കഴിഞ്ഞ മാസവും താൻ സന്നിധാനത്ത് വച്ച് സുരേന്ദ്രനെ കണ്ടതാണ്. അപ്പോഴൊന്നും ആചാരം ഉണ്ടായിരുന്നില്ലെന്ന് ശ്രീധരൻപിള്ള പറഞ്ഞു. 2018 ജൂലൈയിലായിരുന്നു കെ.സുരേന്ദ്രന്‍റെ അമ്മയുടെ മരണം. കുടുംബത്തില്‍ മരണമുണ്ടായാൽ ആചാരപ്രകാരം ഒരു വര്‍ഷത്തിന് ശേഷമേ ശബരിമലയ്ക്ക് പോകാവൂ എന്നായിരുന്നു മന്ത്രി പറഞ്ഞത്.

Also Read:സുരേന്ദ്രന്‍ ശബരിമലയിലെത്തിയത് അമ്മ മരിച്ച് നാലുമാസം പോലും തികയാതെ : കടകംപള്ളി

ശബരിമലയിൽ ഇന്നലെ രാത്രിയുണ്ടായ കൂട്ട അറസ്റ്റ് ന്യായീകരിക്കാനാവാത്തതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ചതിന്‍റെ പേരിൽ മാത്രം സന്നിധാനത്ത് നിന്ന് അയ്യപ്പഭക്തരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വ്യവസ്ഥപ്രകാരം കേസെടുക്കുകയും ചെയ്യുന്നത് നീതീകരിക്കാനാകില്ല. ഇന്നലെ നടന്ന അറസ്റ്റുകളെപ്പറ്റി ജുഡിഷ്യൽ അന്വേഷണം വേണം. 144 ലംഘിച്ചാൽ പെറ്റിക്കേസെടുക്കുന്നതിന് പകരം പൊലീസ് രാജ് നടപ്പാക്കുകയാണ് ഇടത് സർക്കാർ. ശബരിമലയിൽ നടക്കുന്നത് നിരീശ്വരവാദികളുടെ ആസൂത്രിത നീക്കമാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

Also Read: കൂട്ട അറസ്റ്റിൽ ജുഡീഷ്യൽ അന്വേഷണം വേണം; ഇത് നിരീശ്വരവാദികളുടെ ആസൂത്രിത നീക്കം: ശ്രീധരൻ പിള്ള