തിരുവനന്തപുരം: ബിരുദം മറച്ചുവച്ചു ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവരെ പി.എസ്‌.സി പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യും. ഇത് സംബന്ധിച്ച് പി.എസ്.സി തീരുമാനമെടുത്തു. ബിരുദമുള്ളവര്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഉയര്‍ന്ന യോഗ്യതയുള്ള നിരവധി പേര്‍ അപേക്ഷ നല്‍കുകയും പരീക്ഷയെഴുതുകയും ചെയ്യുന്നുണ്ട്.

വണ്‍ ടൈം പ്രൊഫൈലില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ബിരുദമില്ലെന്ന സത്യവാങ്മൂലം നല്‍കേണ്ടി വരും. മറച്ചുവെച്ച് പരീക്ഷയെഴുതുന്നവരെ ഡീബോര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സ്‌പെഷ്യല്‍ റൂളില്‍ പരീക്ഷാ സ്‌കീം സംബന്ധിച്ച നിര്‍ദ്ദേശത്തിലെ അവ്യക്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതാന്‍ പി.എസ്.സി തീരുമാനിച്ചു. പി.എസ്.സിയെ അറിയുക എന്നത് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് കത്തെഴുതാനും പി.എസ്.സി യോഗം തീരുമാനിച്ചു.