തിരുവനന്തപുരം: സര്‍ക്കാര്‍ ഒഴിവുകളില്‍ ഇനി മുതല്‍ ആദ്യ നിയമനം ഭിന്നശേഷിക്കാര്‍ക്ക്. ഭിന്നശേഷിക്കാരുടെ നിയമന രീതി മാറ്റാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. അതേസമയം, ഒഴിവുകള്‍ കുറവാണെങ്കില്‍ നിയമനം എങ്ങനെ നടത്തുമെന്നതില്‍ സര്‍ക്കാരിന്റെ നിര്‍ദേശം പി.എസ്.സി തേടിയിട്ടുണ്ട്. പുതിയ തീരുമാനം നടപ്പിലാവുന്നതോടെ നിലവിലുള്ളതിനെക്കാള്‍ നേരത്തെ ഭിന്നശേഷിക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി കിട്ടും. സുപ്രീംകോടതി വിധിയുടെയും സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാരുടെ നിയമന രീതി മാറ്റാന്‍ പി.എസ്.സി തീരുമാനിച്ചത്.

പുതിയ രീതി അനുസരിച്ച് ആദ്യ നിയമനം ഭിന്നശേഷിക്കാര്‍ക്കായിരിക്കും. 1,34,67 എന്ന ക്രമത്തിലാകും ഭിന്നശേഷിക്കാര്‍ക്ക് നിയമനത്തിനുള്ള ഊഴം. നിലവില്‍ ഇത് 33,66,99 എന്ന ക്രമത്തിലായിരുന്നു. ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ നിശ്ചിയിരിക്കുന്ന തസ്തികകളിലാണ് ഈ പുതിയ നിയമന രീതി.അതേസമയം ഒഴിവുകള്‍ കുറവുള്ള തസ്തികകളില്‍ ഒന്നാം റാങ്കുകാരനെ മാറ്റി നിര്‍ത്തി ഭിന്ന ശേഷിക്കാരനെ നിയമിക്കാമോ എന്ന പ്രശ്നമുണ്ട്.

ഇതടക്കമുള്ള കാര്യങ്ങളിലാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം പി.എസ്.സി തേടിയത് .അടുത്ത കമ്മിഷന്‍ യോഗത്തിന് മുമ്പ് നിര്‍ദേശം നല്‍കണം. അതുവരെ ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം ബാധമായ തസ്തികകളിലെ നിയമന ശുപാര്‍ശ നല്‍കുന്നത് നിര്‍ത്തിവയ്‌ക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു . 1996 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവെങ്കിലും ഇക്കാര്യത്തില്‍ പി.എസ്.സി തീരുമാനമെടുത്തിട്ടില്ല