തിരുവനന്തപുരം: പഠനനിലവാരം മെച്ചപ്പെടുത്താന്‍ കൗണ്‍സിലിങിന് പോയ വിദ്യാര്‍ത്ഥിയെ മനഃശാസ്‌ത്രജ്ഞന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ഗിരീഷിനതിരെ ഫോര്‍ട്ട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ഡോക്ടര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും ഇതിനിടെ സമ്മര്‍ദ്ദമുണ്ടായി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൈക്കാട്രിക് വിഭാഗത്തിലെ ഡോ.ഗിരീഷ്, മണക്കാട് നടത്തുന്ന സ്വകാര്യ ക്ലനിക്കിലാണ് വിദ്യാര്‍ത്ഥിയെ കൗണ്‍സിലിങിനായി രക്ഷതാക്കള്‍ കൊണ്ടുപോയത്. കുട്ടിയുമായി ഒറ്റക്ക് സംസാരിക്കണമെന്ന് ഡോക്ടര്‍ രക്ഷിതാക്കളോട് ആവശ്യപ്പട്ടു. ഡോക്ടറുടെ മുറിയില്‍ നിന്നും പുറത്തെത്തിയ മകന്‍ ശാരീരിക പ്രയാസങ്ങള്‍ പ്രകടിപ്പിച്ചപ്പോഴാണ് രക്ഷിതാക്കള്‍ അന്വേഷിച്ചത്. ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചകാര്യം വിദ്യാര്‍ത്ഥി മാതാപിതാക്കളോട് പറഞ്ഞു.
രക്ഷിതാക്കള്‍ അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഫോര്‍ട്ട് പൊലീസിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍ ഈ മാസം 17ന് നല്‍കിയ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. ഇതിനിടെ ഡോക്ടറുടെ സുഹൃത്തായ മറ്റൊരു കോളജ് അധ്യാപകന്‍ രക്ഷിതാക്കളെ സമീപിച്ച് പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി. ഇക്കാര്യവും രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതേ സമയം മനഃശാസ്‌ത്ര വിദഗ്ദരുടെ സഹായത്തോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം ഉടന്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്.
