തിരുവനന്തപുരം: ബാര്‍ക്കോഴകേസില്‍ കെ.എം മാണിക്കെതിരെ മുന്നോട്ട് പോകാന്‍ തക്ക തെളിവുകളുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.പി സതീശന്‍. കേസ് അട്ടിമറിച്ചുവെന്ന കെ.പി സതീശന്‍റെ ആരോപണം കോടതിയലക്ഷ്യമാണെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

ബാര്‍ കേസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കിയിട്ടുണ്ടെന്നും അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചത് കോടതിയലക്ഷ്യമായി കാണണമെന്നും അസ്താന കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കരുതെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും വിജിലന്‍ഡ് ഡയറക്ടര്‍ നടപടിക്കൊരുങ്ങിയാല്‍ നിയമപരമായി നേരിടുമെന്നും സതീശന്‍ പറഞ്ഞു.