ന്യൂഡല്‍ഹി: കോപ്പി റൈറ്റ് അവകാശം ദൈവദത്തമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി സര്‍വ്വകലാശാലയിലെ ഫോട്ടോ കോപ്പി സെന്‍ററിന്‍റെ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് മൂന്ന് വന്‍കിട പ്രസാധകര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് രാജീവ് സഹായിയുടെ സുപ്രധാന ഉത്തരവ്.

ഓക്സഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്, കേംബ്രിഡ്‍ജ് യൂണിവേഴ്സിറ്റി പ്രസ്, ടെയിലര്‍ ഫ്രാന്‍സിസ് എന്നീ വന്‍കിട പ്രസാധകരാണ് തങ്ങളുടെ പുസ്തകഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പകര്‍പ്പെടുത്ത് ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. പുസ്തക ഭാഗങ്ങളില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന കോഴ്സ് മെറ്റീരിയലുകള്‍ ബൈന്‍ഡ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 1957ലെ ഇന്ത്യന്‍ കോപ്പി റൈറ്റ് ആക്ടിന്‍റെ ലംഘനമാണെന്നായിരുന്നു കമ്പനികളുടെ വാദം.

എന്നാല്‍ കോപ്പി റൈറ്റിനെക്കാള്‍ വലുതാണ് വിദ്യാഭ്യാസത്തിനുള്ള അവകാശമെന്നും വിദ്യാഭ്യാസത്തിന്‍റെ സാമൂഹിക പ്രാധാന്യമെന്നും നിരീക്ഷിച്ച കോടതി ഹര്‍ജി തള്ളി.

രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തിനാകെ ആശ്വാസം പകരുന്ന ഉത്തരവ് കോപ്പി റൈറ്റ് അവകാശത്തെക്കുറിച്ചുള്ള കൂടുതല്‍ സംവാദങ്ങള്‍ക്ക് വഴിയൊരുക്കും.