ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഒന്നരവയസുകാരൻ വിയാനെ ശരണ്യ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.
കണ്ണൂർ: കണ്ണൂർ തയ്യിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഒന്നരവയസുകാരൻ വിയാനെ അമ്മ ശരണ്യ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ആൺസുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയെന്നും കൊലപ്പെടുത്തിയെന്നും വരുത്തി തീർക്കാനും ശരണ്യ ശ്രമിച്ചിരുന്നു, വിചാരണയ്ക്കിടെ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ വച്ച് ആത്മഹത്യയ്ക്കും ശരണ്യ ശ്രമിച്ചിരുന്നു.
മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാൽ പരമാവധി ശിക്ഷ നൽകരുതെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ ജീവപര്യന്തമാക്കിയതെന്നും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. ‘ഏറ്റവും ചെറിയ ശവപ്പെട്ടികള്‍ക്കാണ് ഭാരം കൂടുതലെ’ന്ന അത്യന്തം ഹൃദയഹാരിയായ പരാമര്‍ശവും കോടതി ശിക്ഷാവിധിയിൽ പരാമര്‍ശിച്ചു. അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്ത ക്രൂരതയാണിതെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. 47 സാക്ഷികളെ വിസ്തരിച്ചു. വിചാരണ മാസങ്ങള്‍ നീണ്ടുപോയി. പിഴത്തുകയായ ഒരു ലക്ഷം രൂപ കുഞ്ഞിന്‍റെ അച്ഛന് നൽകാനും കോടതി വിധിച്ചു. കേസിന്‍റെ പല ഘട്ടങ്ങളിലും കുഞ്ഞിന്‍റെ അച്ഛനെ പ്രതിസ്ഥാനത്ത് എത്തിക്കാനും ശ്രമം നടന്നിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന രീതിയിൽ വരെ പരാതി വന്നിരുന്നു.
ഇരുവരെയും മാറി മാറി ചോദ്യം ചെയ്യുന്നതിനിടെ ശരണ്യയുടെ ഫോണിലേക്ക് ആണ്‍ സുഹൃത്ത് നിതിന്‍റെ 24ഓളം മിസ് കോളുകളെത്തി. കേസിൽ നിര്‍ണായകമായത് ഈ സംഭവമാണ്. കുഞ്ഞില്ലാതെ ഒരുമിച്ച് ജീവിക്കാം എന്ന രീതിയിൽ ഇവരുടെ ഫോണിലെ ചാറ്റുകളും പൊലീസ് കണ്ടെത്തിയിരുന്നു. കടൽത്തീരത്ത് കണ്ടെത്തിയ പൊട്ടിയ ചെരിപ്പും ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളത്തിന്‍റെ സാന്നിദ്ധ്യവും ശരണ്യക്കെതിരാ നിര്‍ണായക തെളിവുകളായി. കൊലപ്പെടുത്തുന്നതിന് മുൻപ് ശരണ്യ കുഞ്ഞിന് മുലപ്പാൽ നൽകിയിരുന്നു. ഡിജിറ്റൽ തെളിവുകളും നിര്‍ണായകമായി. വിചാരണയ്ക്ക് തൊട്ടുമുൻപ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ വെച്ച് ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

