2014 മെയ് 19. പാലായിലെ വിവിധ ജ്വല്ലറികളില്‍ സ്വര്‍ണ്ണം നല്‍കിയതിന്റെ പണവുമായി കെഎസ്ആര്‍ടിസി ബസില്‍ കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു മുംബൈ സ്വദേശിയായ യുവാവ്. ഇയാളെ ആക്രമിച്ച് യുവാക്കളുടെ എട്ടംഗ സംഘം ഏഴു ലക്ഷം രൂപയാണ് അന്ന് തട്ടിയെടുത്തത്. പെരുമ്പാവൂര്‍ കോടനാട് സ്വദേശിയായ സുനിലെന്ന യുവാവായിരുന്നു കേസിലെ പ്രധാന പ്രതി. പള്‍സര്‍ ബൈക്കില്‍ പിന്നാലെ പോയ സുനിലും സംഘവും കിടങ്ങൂരിലെത്തിയപ്പോള്‍ ബസില്‍ കയറി മാര്‍വാടിന്റെ യുവാവിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് പണം തട്ടിയെടുക്കുകായിരുന്നു. ആ സുനിലാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍! സുനിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പാലായിലെ ജ്വല്ലറി ജീവനക്കാര്‍ കേട്ടത്.

പേടി മൂലം മുഖം മറക്കണമെന്ന് ഇയാള്‍ തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. കിടങ്ങൂര്‍ കവര്‍ച്ചാ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ സുനി കോടതിയില്‍ ഹാജരാകാതെ വന്നതോടെ ഏറ്റുമാനൂര്‍ കോടതി ഇയാള്‍ക്കെതിരെ വാറന്റും പുറപ്പെടുവിച്ചിരുന്നു. അപ്പോഴെല്ലാം സിനിമാ സെറ്റുകളില്‍ പ്രമുഖരുടെ സാരഥിയായി സുനി വിലസുകയായിരുന്നു.