കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജിനുള്ളില്‍ ഫോണെത്തിച്ചെന്ന കേസില്‍ മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഇമ്രാനാണ് അറസ്റ്റിലായത്. സുനിലിന് കൈമാറാനായി സഹതടവുകാരന്‍ ജിഷ്ണുവിന് ഫോണെത്തിച്ചു നല്‍കിയയത് ഇമ്രാനാണെന്ന് പോലീസ് കണ്ടെത്തി.

 മാലമോഷണക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞപ്പോള്‍ ഇമ്രാനും ജിഷ്ണുവും ഒരേ സെല്ലിലായിരുന്നു. അതേസമയം, ജയിലില്‍നിന്ന് ഫോണ്‍ കടത്താന്‍ സഹായം നല്‍കിയെന്നാരോപിച്ച് പ്രതിചേര്‍ത്തിരുന്ന എറണാകുളം സ്വദേശി സനല്‍ പി. മാത്യുവിനെ ഒഴിവാക്കി. പകരം വട്ടേക്കുന്നത് സ്വദേശി അരവിന്ദനെ പ്രതിയാക്കി. സനലിന് കേസില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ജയിലില്‍ കഴിയവെ പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സേലം സ്വദേശിയുടേതാണെന്നു ഇന്നലെ കണ്ടെത്തിയിരുന്നു. ഏപ്രില്‍ 10 മുതല്‍ 8807339249 എന്ന നമ്പര്‍ കാക്കനാട് ജയിലിന്റെ പരിധിയിലുണ്ടായിരുന്നെന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. മൊബൈല്‍ ഫോണ്‍ ജയിലില്‍ എത്തിച്ചത് ജിഷ്ണുവാണ്. പള്‍സറിനുപുറമേ സഹതടവുകാരനായ മേസ്തിരി സുനിലും ജയിലിനുള്ളിലും പുറത്തിറങ്ങിയശേഷവും ഇതേ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നാണ് പൊലീസ് ഫോണ്‍ കണ്ടെത്തിയത്.