പൂനെ: പൂനെയിലെ ഒരു സാധാരണ വീട്ടമ്മയായ ഈശ്വരി സിംഗ് വിശ്വകര്‍മ്മയ്ക്ക് സന്തോഷിക്കാന്‍ ഇപ്പോള്‍ രണ്ടുണ്ട് കാരണങ്ങള്‍. ഇന്നലെ 21 കാരിയായ ഈശ്വരി തന്‍റെ പ്രിയപ്പെട്ട കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ഈശ്വരിയ്ക്കും കുഞ്ഞിനും വരുന്ന അഞ്ച് വര്‍ഷത്തേക്ക് ഒല ക്യാബില്‍ സൗജന്യ യാത്ര അനുവദിച്ചിരിക്കുകയാണ് കമ്പനി.

പ്രസവവേദന തുങ്ങിയ ഈശ്വരിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഭര്‍ത്താവ് രമേഷ് സിംഗ് ഒല ക്യാബ് വിളിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം. രാവിലെ 7.20 ന് ഒല ക്യാബ് എത്തുകയും ഇവര്‍ ആശുപത്രിയിലേക്ക് ഇതില്‍ യാത്ര തിരിക്കുകയും ചെയ്തു.ഭര്‍ത്താവ് രമേഷ് സിംഗ് വണ്ടിയ്ക്ക് പിറകിലായി തന്‍റെ ബൈക്കിലും ഭര്‍തൃമാതാവും സഹോദരനും ഭാര്യയുടെ കൂടെ ഒല ക്യാബിലുമാണ് ഉണ്ടായിരുന്നത്. വീട്ടില്‍ നിന്ന് പുറപ്പെട്ട് നാല് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ സഹോദരന്‍, രമേഷ് സിംഗിനെ വിളിച്ച് ഈശ്വരി കുഞ്ഞിനെ പ്രസവിച്ചെന്ന് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ശുശ്രഷകള്‍ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

തന്‍റെ വണ്ടിയില്‍ ഒരു പ്രസവം നടന്നതിന്‍റെ സന്തോഷത്തിലാണ് ഡ്രൈവര്‍ യശ്വന്ത്. ആശുപത്രിയില്‍ പോകുന്ന വഴി യുവതിക്ക് വേദന കൂടി വരികയായിരുന്നു. എന്നാല്‍ എവിടെയും നിര്‍ത്താതെ ആശുപത്രിയിലേക്ക് ഓടിക്കുകയായിരുന്നുവെന്ന് യശ്വന്ത് പറഞ്ഞു. അമ്മയുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് യുവതി കുട്ടിക്ക് ജന്മം നല്‍കിയതെന്നും യശ്വന്ത് പറഞ്ഞു. 

ആശുപത്രിയില്‍ നേരത്തെ വിളിച്ച് അറിയിച്ചിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ ഇവരെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. കുട്ടിക്കും അമ്മയ്ക്കും തുടര്‍ന്ന് ഒല കമ്പിനി സൗജന്യ യാത്ര അനുവദിച്ചു. കുട്ടിക്ക് പേരിട്ടാല്‍ ഉടനെ അഞ്ചു വര്‍ഷത്തേക്ക് യാത്ര ചെയ്യാനുള്ള കൂപ്പണ്‍ നല്‍കും. തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനായി ആശുപത്രിയില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ അതേ ക്യാബും ഡ്രൈവറെയുമാണ് കമ്പിനി അയച്ചത്.