ആകെ 1243 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ള പഞ്ചാബില്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ശക്തമായ മേല്‍കോയ്മ നേടിയിട്ടുണ്ട്. പ്രകടപത്രിക ആദ്യം പുറത്തിറക്കിയ കോണ്‍ഗ്രസ് ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ശ്രദ്ധിച്ചു. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെതിരെ ലംബി മണ്ഡലത്തില്‍ പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് മത്സരിക്കുന്നത് അണികളില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. ഒപ്പം നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ വരവും പുതിയ ഉണവ് നല്‍കി

കോണ്‍ഗ്രസിന്റെ മുന്നേറ്റം തടയാന്‍ ആം ആദ്മി പാര്‍ട്ടി അരയും തലയും മുറുക്കി രംഗത്തുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സംസ്ഥാനവ്യാപകമായി പ്രചാരണത്തിലാണ്. ഹാസ്യതാരവും പാര്‍ട്ടിയുടെ ലോക്‌സഭാംഗവുമായ ഭാഗവന്ത് മാന്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണ്. ജലാലാബാദില്‍ ഉപമുഖ്യമന്ത്രി സുഖ്വീര്‍ ബാദലിനെതിരെ ഭഗവന്ത് മാന്‍ മത്സരംഗത്തുമുണ്ട്

വലിയ ഭരണവിരുദ്ധവികാരം നേരിടുന്ന ശിരോമണി അകാലിദള്‍- ബിജെപി സഖ്യം കോണ്‍ഗ്രസ്, എഎപി മുന്നേറ്റത്തിന് മുന്നില്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പതറുകയാണ്.