ആലപ്പുഴ: പുന്നമടക്കായലിന് മീതെ പറന്നു പൊങ്ങുമെന്ന് കരുതിയ സീ പ്ലെയിന്‍ന്റെ ചിറകറ്റു. ആലപ്പുഴയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് മുതല്‍ക്കൂട്ടകുമെന്ന് പ്രതീക്ഷിച്ച 'സീ പ്ലെയിന്‍' പദ്ധതി സംസ്ഥാന ടൂറിസം വകുപ്പ് ഉപേക്ഷിച്ചു. 2013 ല്‍ ആരംഭിച്ച പദ്ധതി മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പ് മൂലം മുടങ്ങി കിടക്കുകയായിരുന്നു.

സീ പ്ലെയിന്‍ പറന്നുപൊങ്ങാനായി പുന്നമടയിലും വട്ടക്കായലിലും സ്ഥാപിച്ച വാട്ടര്‍ ഡ്രോമുകളും, വേമ്പനാട്ട് കായലില്‍ എത്തിച്ച ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങളും കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അധികൃതര്‍ ഡി.ടി.പി.സിക്ക് കൈമാറി. ഇവ വര്‍ഷങ്ങളായി പുന്നമട ഫിനിഷിംഗ് പോയിന്റില്‍ രണ്ട് ഹൗസ് ബോട്ടുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതോടൊപ്പം രണ്ട് സ്പീഡ് ബോട്ടുകള്‍, ഒരു ഫ്‌ളോട്ടിംഗ് ജെട്ടി എന്നിവയുണ്ട്. ഇതിലൊരു ബോട്ട് കഴിഞ്ഞ ദിവസം ഡി.ടി.പി.സി ഏറ്റെടുത്തു. അടുത്തദിവസം ഒരു സ്പീഡ് ബോട്ടും ജെട്ടിയും ഏറ്റെടുക്കും.

പുന്നമട സ്റ്റാര്‍ട്ടിംഗ് പോയിന്റിനു സമീപം സീ പ്ലെയിന്‍ വാട്ടര്‍ ഡ്രോമിനുള്ള ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഹൗസ്‌ബോട്ട് ടാര്‍പാളിന്‍ ഉപയോഗിച്ച് മൂടിയിട്ട നിലയില്‍.

പദ്ധതിയുടെ നടത്തിപ്പ് ഒരിക്കലും സാദ്ധ്യമാകില്ലെന്ന സൂചനയാണിത് നല്‍കുന്നത്. അഷ്ടമുടിക്കായല്‍, പുന്നമട, മൂന്നാര്‍, ബോള്‍ഗാട്ടി, ബേക്കല്‍ എന്നിവിടങ്ങളിലാണ് വാട്ടര്‍ഡ്രോം ഒരുക്കിയിരുന്നത്. ഒരു കിലോമീറ്റര്‍ പ്രദേശമാണ് സീ പ്ലെയിനിന് പറന്നുയരാനും ഇറങ്ങാനും വേണ്ടത്. അരമണിക്കൂറിന് 4,000-5,000 രൂപവരെയാണ് നിരക്ക് നിശ്ചയിച്ചിരുന്നത്. 2013 ജൂണ്‍ രണ്ടിനാണ് ജലവിമാനം പദ്ധതി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊല്ലം അഷ്ടമുടിക്കായലില്‍ ഉദ്ഘാടനം ചെയ്തത്. 

കൊല്ലം- ആലപ്പുഴ സര്‍വീസ് ലക്ഷ്യമിട്ട് ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു ആദ്യ പറക്കല്‍ നിശ്ചയിച്ചത്. എന്നാല്‍ ഇതിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായിരുന്നു. വേമ്പനാട്ട് കായലില്‍ പ്രതിഷേധക്കാര്‍ മത്സ്യബന്ധന യാനങ്ങള്‍ നിരത്തി നടത്തിയ സമരത്തെ തുടര്‍ന്ന് കൊല്ലം അഷ്ടമുടിയില്‍ നിന്ന് പുറപ്പെട്ട ജലവിമാനത്തിന് ആലപ്പുഴയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല.

റാംസര്‍ ഉടമ്പടി അനുസരിച്ച് അന്തര്‍ദേശീയ പ്രാധാന്യമുള്ള തണ്ണീര്‍ത്തട പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട അഷ്ടമുടി, വേമ്പനാട്ടു കായലുകളിലാണ് പദ്ധതി നടത്താനൊരുങ്ങിയത്. ഇതില്‍ വേമ്പനാട്ടുകായല്‍ അതീവ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇടമാണ്. പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ത്തന്നെ സര്‍ക്കാരിനെതിരെയും നടത്തിപ്പുകാരായ സീ ബേഡ് ഡ്രീംസ് കമ്പനിക്കെതിരെയും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. 

മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികള്‍ ഇല്ലാതാവുമെന്ന വാദമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ധീവരസഭ അടക്കമുള്ള സമുദായ സംഘടനകളും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും വിവിധ മത്സ്യത്തൊഴിലാളി സംഘടനകളും സീ പ്ലെയിനിന് എതിരായിരുന്നു. ജലവിമാനത്താവളത്തിന് ചുറ്റും നിശ്ചിത പ്രദേശം സംരക്ഷിതമായിരിക്കുമെന്നും അവിടെ മറ്റു ജലയാനങ്ങള്‍, മീന്‍പിടുത്ത വലകള്‍ എന്നിവയ്ക്കെല്ലാം നിയന്ത്രണം ഉണ്ടാകുമെന്നും ജലവിമാനം അവതരിപ്പിക്കപ്പെട്ട ഘട്ടത്തില്‍ തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ജലവിമാനത്താവളത്തിലെ ഫ്ളോട്ട് വേയുടെ നീളം 1250 മീറ്ററും (4100 അടി) വീതി 250 മീറ്ററും ( 820 അടി ) വരും. ഇതിനുചുറ്റും മറ്റു ജലയാത്രകളും മീന്‍പിടുത്തവും സാദ്ധ്യമാകില്ല. പരിസ്ഥിതി ജൈവപ്രാധാന്യത്തിന്റെ അടിസ്ഥാനത്തില്‍ സംരക്ഷിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ ഇങ്ങനെയുള്ള ജലത്താവളം പാടില്ലെന്നും പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.