തിരുവനന്തപുരം: പുതുവൈപ്പ് സമര്‍ക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ മൊഴിയെടുപ്പ് തുടങ്ങി.പൊലീസ് നടപടിക്ക് നേതൃത്വം കൊടുത്ത കൊച്ചി മുന്‍ ഡിസിപി യതീഷ് ചന്ദ്ര കമ്മീഷന് മുന്നില്‍ ഇന്നും ഹാജരായി. സമരം നടന്ന മറ്റ് ദിവസങ്ങളിലും പൊലീസ് നടപടിയുണ്ടായിട്ടും തനിക്ക് എതിരെ മാത്രം പരാതി നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്ന് യതീഷ് ചന്ദ്ര കമ്മീഷനെ അറിയിച്ചു.

പ്രധാനമന്ത്രിയെ ആക്ഷേപിക്കാനുള്ള ശ്രമം ആണ് ഹൈക്കോടതി ജംഗ്ഷനില്‍ ഉണ്ടായതെന്നും യതീഷ് ചന്ദ്ര കമ്മീഷനില്‍ വാദിച്ചു.എന്നാല്‍ ഇത് ആരോപണം മാത്രമാണെന്ന് സമരനേതാക്കളിലൊരാളായ സിജു മൊഴി നല്‍കി. ആറ് പരാതിക്കാരില്‍ ഒരാളുടെ മാത്രം മൊഴിയാണ് ഇന്ന് എടുത്തത്.മറ്റുള്ളവരുടെ മൊഴി എടുക്കാനും കൂടുതല്‍ തെളിവുശേഖരണത്തിനുമായി അടുത്ത മാസം ആറിന് കമ്മീഷന്‍ വീണ്ടും സിറ്റിംങ് നടത്തും.