മലപ്പുറം: ജനജാഗ്രത യാത്രയുടെ നിലമ്പൂര്‍ സ്വീകരണ പരിപാടിയില്‍ നിന്ന് പി.വി അന്‍വര്‍ എം.എല്‍.എയെ സി.പി.എം മാറ്റി നിര്‍ത്തി. കൊടുവള്ളിയിലെ കാര്‍ വിഷയത്തിന് പിന്നാലെ ഭൂപരിധി ലംഘിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന പി.വി അന്‍വറിനെ കൂടി യാത്രയില്‍ പങ്കെടുപ്പിച്ച് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടെന്നതിനാലാണ് അന്‍വറിനെ വിലക്കിയത്. എന്നാല്‍ സ്ഥലത്തില്ലാതിരുന്നതിനാലാണ് യാത്രയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് പി.വി അന്‍വറിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

നിലമ്പൂരില്‍ പി.വി അന്‍വറിന് സീറ്റ് നല്‍കിയത് ജില്ലയിലെ പ്രമുഖ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ്. എന്നാല്‍ നിരവധി ആരോപണങ്ങളാണ് പി.വി അന്‍വര്‍ എം.എല്‍.എ ഇപ്പോള്‍ നേരിടുന്നത്. ചട്ടം ലംഘിച്ച അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തിപ്പ്. ഭൂപരിഷ്കരണ നിയമം ലംഘിച്ച വിഷയം തുടങ്ങിയവയില്‍ ആരോപണം പി.വി അന്‍വര്‍ നേരിടുന്നുണ്ട്.ഈ വിഷയത്തില്‍ കഴിഞ്ഞ കുറച്ച് നാളായി സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വത്തിലെ പലരും എം.എല്‍.എക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സി.പി.എമ്മിന്റെ താഴേത്തട്ടിലുള്ള സംഘടനാ സമ്മേളനങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്. ഈ സമ്മേളനങ്ങളിലും അന്‍വറിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇടത് എം.എല്‍.എയെന്ന നിലയില്‍ മുന്നണിയുടെ പ്രതിച്ഛായക്ക്കോട്ടം തട്ടിയെന്ന വിലയിരുത്തലാണ് മിക്കവര്‍ക്കും ഉള്ളത്. 

ഈ രീതിയില്‍ ആരോപണങ്ങളുടെ മുനയില്‍ നില്‍ക്കുന്ന പി.വി അന്‍വറിനെ ജനജാഗ്രത യാത്രയില്‍ പങ്കെടുപ്പിച്ച്കൂടുതല്‍ വിവാദങ്ങളിലേക്ക് പോകേണ്ടെന്ന തീരുമാനമാണ് വിലക്കിന് കാരണം. കൊടുവള്ളി വിവാദത്തിന് പുറമെ മറ്റൊരു ആരോപണം കൂടി ജനജാഗ്രതാ യാത്രക്കെതിരെ ഉയരുന്നത് യാത്രയുടെ പ്രച്ഛായക്ക് കൂടുതല്‍ മങ്ങലേല്‍പ്പിക്കുമെന്ന വിലയിരുത്തലും അന്‍വറിനെ ഒഴിവാക്കാന്‍ കാരണമായി. യാത്രയില്‍ പങ്കെടുക്കില്ലെന്ന് അന്‍വര്‍ അറിയിച്ചിരുന്നെന്ന് സി.പി.എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി പത്മാക്ഷന്‍ അറിയിച്ചു. സ്ഥലത്ത് ഇല്ലാത്തതിനാലാണ് ജനജാഗ്രത യാത്രയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് പി.വി അന്‍വര്‍ എം.എല്‍.എയുമായി അടുത്ത വൃത്തങ്ങളുടെ വിശദീകരണം.