കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കുന്ന തരത്തില്‍ സ്വത്ത് വിവരങ്ങള്‍ നല്‍കിയതിന് പിന്നാലെ ആശ്രിതരുടെ പേരിലുള്ള സ്വത്ത് വിവരങ്ങളും പി വി അന്‍വര്‍ എംഎല്‍ എ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മറച്ച് വെച്ചു. രണ്ട് ഭാര്യമാരുണ്ടെന്നിരിക്കേ ഒരാളുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ മാത്രമാണ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചത്. പി വി ആര്‍ പാര്‍ക്കില്‍ പങ്കാളിത്തമുള്ള രണ്ടാമത്തെ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ മല്‍സരിച്ച എല്ലാ തെരഞ്ഞെടുപ്പില്‍ നിന്നും എംഎല്‍എ മറച്ച് വെച്ചു.

മൂന്ന് തവണ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ നല്‍കിയ രേഖകളില്‍ ഒരു ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് പി വി അന്‍വര്‍ എംഎല്‍എ കാണിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ 455ആം നമ്പര്‍ വോട്ടറായ ഷീജയാണ് ഭാര്യയെന്ന് തെരഞ്ഞെടുപ്പ് രേഖകളില്‍ നിന്ന് വ്യക്തം. എന്നാല്‍ രണ്ടായിരത്തി പതിനേഴില്‍ പിവിആര്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയ ഒരു കേസില്‍ അന്‍വര്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലമാണിത്. താനും ഭാര്യ ഹഫ്സത്തും മാത്രമാണ് പി വി ആര്‍ പാര്‍ക്കിന്റെ മാനേജിംഗ് പാര്‍ട്ട്നര്‍മാര്‍ എന്നായിരുന്നു സത്യവാങ്മൂലം. അതായത് രണ്ട് ഭാര്യമാര്‍ ഉണ്ടന്ന് വിവിധ രേഖകളില്‍ പി.വി.അന്‍വര്‍ എംഎല്‍എ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു.

എന്നാല്‍ മല്‍സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം ഒരു ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് എംഎല്‍എ വെളിപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പിവി ആര്‍ പാര്‍ക്കിന്റെ അവകാശികള്‍ താനും ഭാര്യയുമാണെന്ന് അവകാശപ്പെടുന്ന അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ളത് കാര്‍ഷിക ഭൂമി മാത്രമാണെന്ന് അവകാശപ്പെടുന്നു.

അതായത് പിവിആര്‍ പാര്‍ക്കില്‍ ഓഹരിയുള്ള രണ്ടാമത്തെ ഭാര്യയുടെ വിവരങ്ങളല്ല ഒരു തെരഞ്ഞെടുപ്പിലും സമര്‍പ്പിച്ചത് എന്ന് ചുരുക്കം. നിയമാനുസൃതമല്ലാതെ അന്‍വര്‍ എംഎല്‍എയുടെയും കുടുംബത്തിന്‍റെയും പേരിലുള്ള കൃഷിഭൂമിയുടെ യഥാര്‍ത്ഥ കണക്ക് ലഭിക്കണമെങ്കില്‍ രണ്ടാമത്തെ ഭാര്യയുടെ പേരിള്ള സ്വത്ത് വിവരങ്ങള്‍ കൂടി അന്വേഷിക്കണ്ടി വരും.