Asianet News MalayalamAsianet News Malayalam

അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ നടപടി

PV Anwar MLA Continues Construction
Author
First Published Aug 17, 2017, 11:27 AM IST

കോഴിക്കോട്: കക്കാടം പൊയിലിലെ പി വി ആര്‍ പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ അനുമതി റദ്ദ് ചെയ്തു. വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ആദ്യ അനുമതിക്ക് മുന്‍പ് സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി.  നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്‍റെതാണ് പി വി ആര്‍ പാര്‍ക്ക്

അതേ സമയം നിയമലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ വാദം പൊളിയുകയാണ്. നാല് തവണ എംഎല്‍എയില്‍ നിന്ന് പിഴ ഈടാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചതിന്‍റെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.തുടര്‍ച്ചയായി നടത്തിയ നിയമലംഘനങ്ങള്‍ക്ക് പിഴ അടച്ചതിന്‍റെ മറവിലൂടെ പക്ഷേ അനുമതികളെല്ലാം എംഎല്‍എ നേടിയെടുക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.

പി വി ആര്‍ പാര്‍ക്കിലെ നിയമലംഘനങ്ങള്‍ എണ്ണമിട്ട് വിശദീകരിച്ചപ്പോള്‍, തെറ്റായി ഒന്നും നടന്നിട്ടില്ലെന്നായിരുന്നു എംഎല്‍എയുടെ വാദം.എന്നാല്‍ വാട്ടര്‍തീം പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കിയത് പല തവണ നിയമം ലംഘിച്ചതിലൂടെയാണെന്ന് വ്യക്തമാവുകയാണ്. പാര്‍ക്കരിക്കുന്ന നിര്‍ദ്ദിഷ്ട സ്ഥലത്ത് 1409.97 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടം  നിര്‍മ്മിച്ചിരുന്നു. ടൗണ്‍പ്ലാനറുടെ അനുമതിയില്ലാതെ നടത്തിയ ഈ നിര്‍മ്മാണത്തിന്  2016 ഫെബ്രുവരിയില്‍  ഒന്‍പതിനായിരത്തി തൊള്ളായിരത്തി അന്‍പത് രൂപ പിഴ പഞ്ചായത്ത് ഈടാക്കി. 

പഞ്ചായത്ത് അനുമതി നല്‍കുന്നതിന് മുന്‍പേ എംഎല്‍എയുടെ പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. നിയമം ലംഘിച്ച് നടത്തിയ ഈ പ്രവൃത്തിയിലും പിഴ ചുമത്തി. ആദ്യഘട്ടത്തില്‍ പാര്‍ക്കില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ആളുകളെ പ്രവേശിപ്പിക്കാനുള്ള അനുമതിയുടെ മറവില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു. 

ഈ നിയമലംഘനത്തിന് ഇക്കഴിഞ്ഞ ജൂണില്‍ അയ്യായിരം രൂപയാണ് പിഴ ചുമത്തിയത്. പാര്‍ക്കില്‍ അനുമതിയില്ലാതെ റസ്റ്റോറന്‍റ് പ്രവര്‍ത്തിപ്പിച്ചും എംഎല്‍എ നിയമത്തെ വെല്ലുവിളിച്ചു. അതിനും പിഴ ഈടാക്കി.  എന്നാല്‍ അന്‍വര്‍പാര്‍ക്കിലെ നിയമലംഘനങ്ങള്‍ പിന്നീട് ക്രമപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണെന്നാണ് കളക്ടര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇത്തരത്തില്‍ എംഎല്‍എ നടത്തിയ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ഒരു ഘട്ടത്തില്‍ പോലും പക്ഷേ പ‍ഞ്ചായത്ത് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ല. നിയമലംഘിച്ചും പിന്നീട് നിസാര തുക പിഴയടച്ചുമുള്ള വിദ്യയിലൂടെ എംഎല്‍എ അനുമതികള്‍ നേടിയെടുക്കുകയായിരുന്നു.അനുമതി തേടിയുള്ള കാത്തിരിപ്പും, പരിശോധനകളുമെല്ലാം കേവലം പിഴയൊടുക്കുന്നതിലൂടെ മറികടന്നു.

Follow Us:
Download App:
  • android
  • ios