എംഎല്‍എയെ സഹായിച്ച് പഞ്ചായത്തും ജീവന്‍ നഷ്ടപ്പെടുമെന്ന ഭീഷണിയില്‍ പ്രദേശവാസികള്‍

മലപ്പുറം: ഇനി ഒരു ഉരുൾപൊട്ടലുണ്ടായാൽ ജീവൻ നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയിലാണ് കോഴിക്കോട് കക്കാടംപൊയിലിൽ പി.വി.അൻവർ എംഎൽഎയുടെ പാർക്കിന് സമീപം കഴിയുന്നവർ. കണ്‍മുന്നില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടും പാര്‍ക്ക് അപകടമേഖലയിലല്ലെന്നാണ് കൂടരഞ്ഞി പഞ്ചായത്തിന്‍റെ നിലപാട്. പ്രദേശത്ത് പരിസ്ഥിതി ആഘാത പഠനം നടത്താതെ വൈകിപ്പിക്കുന്നതും ദുരൂഹമാണ്. എംഎല്‍എയ്ക്ക് നിയമവും ഭരണകൂടവും വഴങ്ങിക്കൊടുക്കുമ്പോള്‍ ജീവന്‍ തന്നെ തുലാസില്‍വച്ചാണ് പ്രദേശവാസികളുടെ ജീവിതം

പി.വി. അൻവറിന്‍റെ പാർക്കിലെ ജലസംഭരണിക്ക് തൊട്ടു താഴെയാണ് കഴിഞ്ഞ ദിവസം ശക്തമായി ഉരുൾപൊട്ടിയത്. ഇതിന്‍റെ ആഘാതത്തില്‍ ചെങ്കുത്തായ മലയിലെ വലിയ പാറകളും മരങ്ങളുമടക്കം താഴേക്ക് പതിച്ചു. കോഴിക്കോട് കട്ടിപ്പാറ ദുരന്തത്തിന്‍റെ ആക്കം കൂട്ടിയത് സമാനരീതിയില്‍ മലയില്‍ നിര്‍മ്മിച്ച ജലസംഭരണി തകര്‍ന്നത് മൂലമാണ്. എന്നാല്‍ ഉരുൾപൊട്ടൽ കാര്യമാക്കേണെന്നാണ് കൂടരഞ്ഞി പഞ്ചായത്തിന്‍റെ നിലപാട്. 

'ഞാനും മെമ്പർമാരും അവിടെ പോയതാണ്, പാർക്കിന് അടുത്തൊന്നുമല്ല ഉരുൾപൊട്ടിയത്' കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റ് സോളി ജോസഫ് പ്രതികരിച്ചതിങ്ങനെയാണ്. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് പരിസ്ഥിതി ആഘാതപഠനം നടത്താൻ ജിയോളജി വകുപ്പും സിഡബ്ല്യുആര്‍ഡിഎമ്മിലെ ഉദ്യോഗസ്ഥരും കക്കാടംപൊയിലിൽ എത്തിയിരുന്നു. എന്നാൽ പഠനം നടത്താതെ കാലാവസ്ഥയെ കുറ്റം പറഞ്ഞ് സംഘം മടങ്ങി.

പാർക്കിന് ദുരന്തനിവരാണ അതോറിറ്റി സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണ്. എന്നാല്‍ പരിസ്ഥിതി ആഘാതപഠനം എന്ന് പൂർത്തിയാക്കുമെന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. ഉദ്യോഗസ്ഥർ വീണ്ടുംഎംല്‍എയ്ക്ക് ഒത്താശ ചെയ്യുമ്പോൾ, താഴ്വാരത്തെ ജീവന് ആര് സുരക്ഷ നൽകും എന്നാണ് പ്രദേശവാസികളഉടെ ചോദ്യം.