ഇടുക്കി: അടിമാലി ആയിരമേക്കറിലെ ജനവാസമേഖലയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.ജനവാസ മേഖലയില്‍ പെരുമ്പാമ്പിറങ്ങി എന്ന വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച്ച രാത്രിയില്‍ വനപാലകര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇരയെ വിഴുങ്ങിയ ശേഷം ഇഴഞ്ഞ് നീങ്ങാനാവാത്ത നിലയിലായിരുന്നു പാമ്പ്.
അടിമാലി ടൗണിനോട് ചേര്‍ന്നുള്ള ആയിരമേക്കര്‍ കുഞ്ഞുനാണിപടിയിലെ ജനവാസമേഖലയില്‍ ബുധനാഴ്ച്ച രാത്രിയിലാണ് പെരുമ്പാമ്പിറങ്ങിയത്. മേഖലയില്‍ പെരുമ്പാമ്പിനെ കണ്ടവാര്‍ത്ത പടര്‍ന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലായി. പനംകുട്ടി ഫോറസ്റ്റ് റെയ്ഞ്ചോഫീസില്‍ നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. ഡെപ്യൂട്ടി റെയിഞ്ചര്‍ എം വിജയന്‍റെ നേതൃത്വത്തിലുള്ള വനപാലകര്‍ നടത്തിയ തിരച്ചിലിലാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ തട്ടേക്കണ്ണി വനമേഖലയില്‍ തുറന്നു വിട്ടു.
പ്രത്യേക പരിശീലനം നേടിയ ഫോറസ്റ്റ് ഉദ്യേഗസ്ഥരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി ചാക്കിലാക്കി. മൂന്നു മീറ്റര്‍ നീളം വരുന്ന പാമ്പിന് 22 കിലോ തൂക്കവും നാല് വയസ്സ് പ്രായവുമുണ്ടെന്ന് ഡെപ്യൂട്ടി റെയിഞ്ചര്‍ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എസ് സബിന്‍, പി.കെ രാജന്‍, കെ.എസ് സജി, ഡ്രൈവര്‍ ബേബി എന്നിവരുള്‍പ്പെട്ട സംഘമാണ് പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്.
