ഖത്തറിൽ വേതന സംരക്ഷണ നിയമം നിലവിൽ വന്ന ശേഷം ശമ്പളം ലഭിക്കുന്നില്ലെന്ന പരാതികളിൽ മുപ്പതു ശതമാനത്തിലേറെ കുറവുണ്ടായതായി റിപ്പോർട്ട്. തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ഒരു വർഷം മുന്പാണ് സർക്കാർ വേതന സംരക്ഷണ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതനുസരിച്ച് എല്ലാ മാസവും ആദ്യ ആഴ്ചയിൽ തന്നെ തൊഴിലാളികളുടെ വേതനം ബാങ്കുകൾ വഴി വിതരണം ചെയ്തിരിക്കണമെന്നാണ് നിബന്ധന.
നിയമം പ്രാബല്യത്തിൽ വന്ന് ഒരു വർഷം പൂർത്തിയായപ്പോൾ രാജ്യത്തെ 21 ലക്ഷം തൊഴിലാളികളിൽ പതിനെട്ട് ലക്ഷം പേരെയും വേതന സംരക്ഷണ നിയമത്തിനു കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞതായി തൊഴിൽ സാമൂഹ്യ കാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 15 ശതമാനം തൊഴിലാളികൾ മാത്രമാണ് തൊഴിലുടമയിൽ നിന്നും നേരിട്ട് ശമ്പളം കൈപ്പറ്റുന്നത്. അവശേഷിക്കുന്ന മൂന്നുലക്ഷം തൊഴിലാളികളെ കൂടി നിയമത്തിന്റെ പരിധിയിലാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഇനിയും നിയമം നടപ്പാക്കാത്ത കമ്പനികളുടെ വിവരങ്ങൾ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചു വരികയാണ്. ശമ്പളം കൃത്യമായി നൽകുന്നതിൽ വീഴ്ച വരുത്തുന്നത് പുതിയ നിയമ പ്രകാരം 2000 മുതൽ 6000 റിയാൽ വരെ പിഴയോ ഒരു മാസം തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പുതിയ നിയമം നിലവിൽ വന്ന ശേഷം ശമ്പളം സമയത്തിനു കിട്ടുന്നില്ലെന്ന പരാതികളിൽ 30.4 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി ഡോ.ഈസാ ബിൻ സാദ് അൽ ജഫാലി അൽ നുഐമി പറഞ്ഞു. ശമ്പളം കൃത്യസമയത്ത് നൽകാത്തതിന്റെ പേരിൽ 385 കേസുകൾ മാത്രമാണ് ഈ വർഷം രജിസ്റ്റർ ചെയ്തത്. ഈ മാറ്റത്തിൽ വലിയ സന്തുഷ്ടിയുണ്ടെന്നും പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി.
