ദോഹ: റംസാനിലെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മുതലെടുക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഓണ്‍ലൈന്‍ ഭിക്ഷാടനം നടക്കുന്നതായി ഖത്തര്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഉറ്റബന്ധുക്കളുടെ ചികിത്സയ്ക്കുള്ള സഹായം തേടിയാണ് രോഗിയുടെ ചിത്രങ്ങള്‍ സഹിതം പലരും ഇത്തരം അഭ്യര്‍ത്ഥനകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്.
വാട്ട്‌സ് അപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലെ ജനപ്രിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് യാചകര്‍ തട്ടിപ്പിനുള്ള പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. ബന്ധു ഗുരുതരാവസ്ഥയിലാണെന്നും അടിയന്തരമായി ശസ്ത്രക്രിയക്ക് പണം വേണമെന്നും ആവശ്യപ്പെട്ടാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. രോഗിയുടെതെന്ന തരത്തില്‍ കൃത്രിമമായുണ്ടാക്കിയ ചിത്രങ്ങളും ഇത്തരം സന്ദേശങ്ങളില്‍ ഉള്‍പെടുത്താറുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഭിക്ഷാടന പ്രതിരോധ വകുപ്പ് മേധാവി ക്യാപ്റ്റന്‍ അബ്ദുല്ല സാദ് അല്‍ ദോസരി മുന്നറിയിപ്പ് നല്‍കി. യുവതികളായ രോഗികളുടെ ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിച്ച് ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തുന്നതായി അദ്ദേഹം പറഞ്ഞു. ഖത്തറിലെ നിയമമനുസരിച്ചു ഭിക്ഷാടനം കുറ്റകരമായതിനാല്‍ ഇത്തരക്കാരെ പിടികൂടിയാല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യാചകരെ പിടികൂടാനായി മാളുകളും പള്ളികളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. യാചകരെ പിടികൂടിയാല്‍ മൂന്നു വര്‍ഷം വരെയാണ് തടവ് ശിക്ഷ ലഭിക്കുക. അതേസമയം സഹായം തേടി സമീപിക്കുന്നവരെ അംഗീകൃത സന്നദ്ധ സംഘടനകളുമായി ബന്ധപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
