ഖത്തര്‍ എയര്‍വേസില്‍ യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. വിമാനത്താവളത്തില്‍ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ താമസമുള്ള ഏതു രാജ്യക്കാര്‍ക്കും നാല് ദിവസത്തേക്ക് വിസ അനുവദിക്കും.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് മുന്‍കൂര്‍ അപേക്ഷിക്കാതെ തന്നെ ട്രാന്‍സിറ്റ് വിസ അനുവദിക്കുമെന്നാണ് നേരത്തെ അറിയിയിച്ചിരുന്നതെങ്കിലും ഖത്തര്‍ എയര്‍വേയ്‌സ് ഓഫീസുകള്‍ വഴിയോ ഓണ്‍ലൈനായോ അപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വിസ അനുവദിക്കുന്നത്. ജി.സി.സി മിഡിലീസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ വഴി പുറത്തേക്കു പോകുന്ന യാത്രക്കാര്‍ക്ക് മാത്രമെ സൗജന്യ ട്രാന്‍സിറ്റ് വിസ ലഭിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദോഹയില്‍ നിന്നുള്ള തുടര്‍യാത്രക്കായി ഖത്തര്‍ എയര്‍വെയ്‌സില്‍ ടിക്കറ്റ് ഉറപ്പാക്കുന്നതോടൊപ്പം കുറഞ്ഞത് ആറു മാസമെങ്കിലും പാസ്‌പോര്‍ട്ടില്‍ കാലാവധി ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. യാത്രയ്ക്ക് മൂന്നു മാസം മുമ്പ് മുതല്‍ ഏഴു പ്രവര്‍ത്തി ദിവസം മുമ്പ് വരെ ട്രാന്‍സിറ്റ് വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്.വിസഅനുവദിച്ചാല്‍ മൂന്നു മാസം വരെ കാലാവധി ഉണ്ടായിരിക്കും. അതായത് മൂന്നു മാസത്തിനിടയില്‍ ഒരു തവണ മാത്രം ഖത്തറില്‍ ഇറങ്ങി നാല് ദിവസത്തിനകം തിരിച്ചുപോകാന്‍ കഴിയുന്ന വിസയായിരിക്കും അനുവദിക്കുക. ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വ് പകരുന്നതാണ് പുതിയ തീരുമാനം. ഖത്തറില്‍ സ്റ്റോപ് ഓവര്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിമാന നിരക്കുകളും കൂടുതല്‍ ഉദാരമാക്കി പുനഃക്രമീകരിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. നേരത്തെ 38 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് 100 റിയാല്‍ ഫീസ് ഈടാക്കി ട്രാന്‍സിറ്റ് വിസ അനുവദിച്ചിരുന്നത്. മുഴുവന്‍ രാജ്യക്കാരെയും ഉള്‍പ്പെടുത്തി ട്രാന്‍സിറ്റ് വിസ സൗജന്യമാക്കുന്നതോടെ കൂടുതല്‍ പേര്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.