മനാമ: ഖത്തറിനെതിരായ ഉപരോധത്തില്‍ കൃത്യമായ നിലപാടെടുക്കാനാവാതെ ബഹ്‌റൈനിലെ മനാമയില്‍ ചേര്‍ന്ന സൗദി സഖ്യരാജ്യങ്ങളുടെ യോഗം പിരിഞ്ഞു. ചില ഉപാധികള്‍ അംഗീകരിക്കാന്‍ തയാറായാല്‍ ഖത്തറുമായി ചര്‍ച്ചയ്‌ക്ക് തയാറാണെന്നായിരുന്നു യോഗത്തിനു ശേഷം ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. അതേസമയം, നേരത്തെ മുന്നോട്ടുവെച്ച പതിമൂന്ന് ഉപാധികള്‍ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപരോധം രണ്ടു മാസം പൂര്‍ത്തിയാകുമ്പോള്‍ ഇന്ന് മനാമയില്‍ ചേര്‍ന്ന സൗദി സഖ്യരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നായിരുന്നു സൂചന. ഉപാധികള്‍ തള്ളിയ സാഹചര്യത്തില്‍ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയെ സാവകാശം ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നിയന്ത്രണങ്ങളാകും ഏര്‍പ്പെടുത്തുകയെന്ന് സൗദിയില്‍ നിന്നുള്ള ചില അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന യോഗത്തിലും ഖത്തര്‍ വിഷയത്തില്‍ എന്ത് തീരുമാനമെടുക്കണമെന്നത് സംബന്ധിച്ചു സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.

ഖത്തറിനെതിരായ ഉപരോധത്തില്‍ സഖ്യരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതകള്‍ രൂക്ഷമാകുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. സൗദി സഖ്യരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പെടെ പല ഘട്ടങ്ങളിലും വ്യത്യസ്തമായ നിലപാടുകള്‍ പറയുന്നത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. നേരത്തെയുള്ള പതിമൂന്ന് ഉപാധികള്‍ക്ക് പകരം ആറ് ഉപാധികള്‍ മാത്രം ഖത്തര്‍ അംഗീകരിച്ചാല്‍ മതിയെന്ന യു.എന്നിലെ സൗദി പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമി നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാല്‍ പതിമൂന്ന് ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ ചര്‍ച്ചക്ക് തയാറുള്ളൂ എന്ന ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്നത്തെ പ്രസ്താവന സൗദി സഖ്യരാജ്യങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തിലുള്ള അഭിപ്രായ ഭിന്നതയാണ് സൂചിപ്പിക്കുന്നത്.

അതേസമയം ഖത്തറിനെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ ചില അംഗങ്ങള്‍ക്കുള്ള എതിര്‍പ്പാണ് കൃത്യമായ വിശദീകരണമില്ലാതെ പഴയ നിലപാടില്‍ തന്നെ തുടരാന്‍ കാരണമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഉപരോധം ഇനിയും നീണ്ടുനില്‍ക്കുകയാണെങ്കില്‍ വിഷയത്തില്‍ സൗദിയും യു.എ.യും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവരുമെന്നും ചിലര്‍ നിരീക്ഷിക്കുന്നു.