ഫിഫ ലോക കപ്പിനായുള്ള നടത്തിപ്പ് കമ്മറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി ഒരു വിദേശ ടെലിവിഷന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നിര്‍മാണ ചിലവുകള്‍ 40 ശതമാനം മുതല്‍ 50 ശതമാനം വരെയായി കുറക്കുമെന്ന് അറിയിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി എട്ടു ബില്യണ്‍ ഡോളര്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ വലിയ പങ്കും നീക്കിവെച്ചിരിക്കുന്നത് സ്റ്റേഡിങ്ങളുടെ നിര്‍മ്മണത്തിനാണ്. നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായി പന്ത്രണ്ടു സ്റ്റേഡിയങ്ങള്‍ക്ക് പകരം ഫിഫ മാനദണ്ഡം അനുസരിച്ചുള്ള എട്ടു സ്റ്റേഡിയങ്ങള്‍ മാത്രമായി ചുരുക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണവും ഇതില്‍ ഉള്‍പെടും. അതേസമയം സ്റ്റേഡിയങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഫിഫയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും വ്യക്തമാക്കിയ ഹസ്സന്‍ അല്‍ തവാദി എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ ആഘാതമാണ് ഇത്തരം പുനരാലോചനകള്‍ക്ക് പ്രേരണയായതെന്നും പറഞ്ഞു. ഇതിനിടെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ചു സ്വതന്ത്ര ഏജന്‍സി നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു.

സുപ്രീം കമ്മിറ്റിയുടെ കീഴില്‍ നിര്‍മാണ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 15,000 തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ കമ്പനികള്‍ ഫിഫാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.