ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദി സഖ്യരാജ്യങ്ങളിൽ അടിയന്തര വ്യോമപാത അനുവദിച്ചതായുള്ള വാർത്ത ഖത്തർ നിഷേധിച്ചു. സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ ഉപരോധ രാജ്യങ്ങളിലെ വ്യോമപാത അടിയന്തര ഘട്ടങ്ങളിൽ ഖത്തറി വിമാനങ്ങള്‍ക്ക് ഉപയോഗിക്കാൻ അനുമതി നൽകിയെന്നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച മുതല്‍ അടിയന്തര വ്യോമപാത തുറക്കുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഖത്തർ ഗതാഗത- വാര്‍ത്താവിനിമയ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും വാർത്ത നിഷേധിച്ചു. ഇതുസംബന്ധിച്ച ഒരു പ്രഖ്യാപനവും വന്നിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും ഖത്തർ വാർത്താ വിനിമയ മന്ത്രാലയം സൗദി അധികൃതരോട് ആവശ്യപ്പെട്ടു.
