ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ രാജ്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ സൈബർ കുറ്റവാളികളെ കണ്ടെത്താൻ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. കുറ്റവാളികൾ രാജ്യാന്തര ബന്ധമുള്ള സൈബർ സംഘത്തിൽ കണ്ണികളാണെന്നും അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്നും ആഭ്യന്തര മന്ത്രാലയം ഡയറക്ടർ കേണൽ അലി അസ്സം അൽ കുബൈസി അറിയിച്ചു. മറ്റുള്ളവർക്ക് ഓൺലൈൻ വഴി വിവരങ്ങൾ കൈമാറുന്നത് പരമാവധി ഒഴിവാക്കണമെന്നും പെൻ ഡ്രൈവിലോ ഹാർഡ് ഡിസ്കിലോ മാത്രം വിവരങ്ങൾ കൈമാറണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് മിക്ക ആളുകളും സുപ്രാധാന വിവരങ്ങൾ ഓൺലൈൻ വഴി കൈമാറ്റം ചെയ്യുന്നത്. ഹാക്കർമാരെ സംബന്ധച്ചിടത്തോളം ഏറ്റവും എളുപ്പത്തിൽ വിവരങ്ങൾ ചോർത്താനുള്ള സാഹചര്യമാണ് ഇതുണ്ടാക്കുന്നതെന്നും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഹാക്കർമാരുടെ കെണിയിൽ പെട്ട് പണം നഷ്ടപ്പെട്ട നിരവധി കേസുകളാണ് ഈയിടെ രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. ആക്രമണത്തിനിരയാകുന്നവരുടെ വ്യക്തിപരമായ വിവരങ്ങളും സ്വകാര്യ ഫോട്ടോകളും ചോർത്തിയ ശേഷം ഇതുപയോഗിച്ച് ബ്ലാക് മെയിൽ ചെയ്ത് വൻ തുക തട്ടിയെടുത്ത കേസുകളാണ് ഇതിൽ ഭൂരിഭാഗവും. വാട്സ്ആപും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴി വരുന്ന കോളുകളും സന്ദേശങ്ങളും സ്വീകരിക്കരുതെന്നും മന്ത്രാലയം നിർദേശിച്ചു.

ഖത്തറിലെ നിയമമനുസരിച്ചു സൈബർ കുറ്റ കൃത്യങ്ങൾക്കു ഒരു ലക്ഷം റിയൽ വരെ പിഴയും മൂന്നു വര്‍ഷം ജയിൽവാസവുമാണ് ശിക്ഷ ലഭിക്കുക. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയുന്ന തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് അഞ്ചു വര്‍ഷം തടവും അഞ്ച് ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. സൈബർ കുറ്റങ്ങൾ സംബന്ധിച്ച കൂടുതൽ മാർഗനിർദേശങ്ങൾക്കും മറ്റു നിയമ സഹായങ്ങൾക്കും സി.ഐ.ഡി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സൈബർ സെല്ലിൽ നേരിട്ടോ , മെട്രാഷ് 2 വഴിയോ, 66815757 എന്ന ഹോട് ലൈൻ നമ്പറിലോ ബന്ധപ്പെടണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.