2015 മാർച്ചിൽ ഖത്തർ അമീർ ഇന്ത്യ സന്ദർശിച്ചതിനു പിന്നാലെ ഇക്കഴിഞ്ഞ ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിൽ എത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഈ ഡിസംബറിൽ ഖത്തർ പ്രധാന മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി  ഇന്ത്യ സന്ദർശിച്ചു  ഇരു രാജ്യങ്ങളും തമ്മിൽ ചില സുപ്രധാന കരാറുകളിൽ  ഒപ്പുവെച്ചു. ഇന്ത്യ ഖത്തർ ബന്ധത്തിൽ ചരിത്രപരമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഈ സാഹചര്യത്തിൽ 2022 ലോക കപ്പിനായുള്ള ഒരുക്കങ്ങളിലും മറ്റു മേഖലകളിലും ഖത്തറുമായി കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാൻ ഇന്ത്യ താൽപര്യപ്പെടുന്നതായി പ്രണബ് മുഖർജി ആശംസാ സന്ദേശത്തിൽ അറിയിച്ചു. ഖത്തർ പ്രധാന മന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെ  ഇതു സംബന്ധിച്ച കരാറിലും  ഇരു രാജ്യങ്ങളും ഒപ്പു വെച്ചിരുന്നു.ഊർജ രംഗത്തെ ഇന്ത്യയുടെ ഭീമമായ ആവശ്യം നേരിടാൻ ഖത്തറിന്റെ സഹകരണം ഇന്ത്യക്ക് ആവശ്യമാണെന്നു രാഷ്ട്രപതി പറഞ്ഞു.

അടിസ്ഥാന വികസനം, വിവര സാങ്കേതിക വിനിമയ ഊർജ രംഗങ്ങളിൽ ഖത്തറുമായി കൂടുതൽ സഹകരിക്കാൻ ഇന്ത്യൻ കംപനികളും രംഗത്തു വന്നിട്ടുണ്ട്. ഇന്ത്യയിൽ വിവിധ മേഖലകളിൽ ഖത്തരി നിക്ഷേപം വർധിക്കുന്നതിനുള്ള അവസരവും തുറന്നു കിടക്കുകയാണെന്ന്  രാഷ്ട്രപതി ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി. ഈ മാസം പതിനെട്ടിനാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്.