ഏഴു മാസമായി ശമ്പളമില്ലാതെ റോളയിലെ അസ്മാക് അല്‍ ജസീറ റസ്റ്റോറന്റില്‍ ജോലിചെയ്യുന്ന രണ്ട് മലയാളി യുവതികളടക്കമുള്ള തൊഴിലാളികളുടെ ദുരവസ്ഥ കഴിഞ്ഞ ശനിയാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയതത്. വാര്‍ത്ത പുറത്തുവന്നതോടെ സ്‌പോണ്‍സറായ സ്വദേശിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. ഇതേ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശികളായ ഉടമകള്‍ ഒത്തു തീര്‍പ്പിന് തയ്യാറായത്. ഏഴുമാസത്തെ ശമ്പളകുടുശ്ശിക യുവതികള്‍ക്ക് കൈമാറി.
മറ്റുതൊഴിലാളികളുടെ കുടിശ്ശിക അടുത്ത ദിവസം നല്‍കുമെന്ന് ഉടമകള്‍ അറിയിച്ചു. ശമ്പള കുടിശ്ശിക കൈപറ്റിയ യുവതികള്‍ നാട്ടിലേക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിലാണ്. തങ്ങള്‍ക്കിത് രണ്ടാം ജന്മമാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. വീട്ടുകാരെ വിളിക്കാന്‍ പോലും ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ കാശില്ലാത്ത സാഹചര്യത്തില്‍ തങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമത്തിലൂടെ ജീവനക്കാരി സഹായം തേടിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്.
