രാജ്യത്തെ തൊഴില്‍ നിയമം ആര്‍ട്ടിക്കിള്‍ 85 പ്രകാരം ലീവില്‍ തുടരുന്ന ജീവനക്കാരെ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ തൊഴില്‍ കരാര്‍ റദ്ദ് ചെയ്യാനോ ജോലിയില്‍ നിന്നും പിരിച്ചുവിടാനോ സ്ഥാപന ഉടമകള്‍ക്ക് അധികാരമില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. അവധിയിലിരിക്കെ പിരിച്ചു വിടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേകം സംവിധാനം ഉപയോഗിച്ചു തൊഴിലാളികള്‍ക്ക് പരാതി നല്‍കാനാകും ഇതിനായി സ്വയം പ്രവര്‍ത്തിപ്പിക്കാനാകുന്ന 11 ഇലക്ട്രോണിക് കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രാലയം ഔദ്യോഗിക ഫേസ്ബുക് പേജില്‍ വ്യക്തമാക്കി.
അതേസമയം ആര്‍ട്ടിക്കിള്‍ 84 അനുസരിച്ച് ജീവനക്കാര്‍ അവധിയെടുത്ത് മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നതും നിരോധിക്കപ്പെട്ടിട്ടുണ്ട്. തൊഴില്‍ കരാറിലെ വ്യവസ്ഥ ലംഘിച്ച് മറ്റു ജോലികളില്‍ ഏര്‍പെട്ടതായി ബോധ്യപ്പെട്ടാല്‍ അവധി കാലയളവിലെ വേതനത്തില്‍ കുറവു വരുത്താന്‍ തൊഴിലുടമക്ക് അനുമതി ലഭിക്കും. ഇത്തരം തൊഴില്‍ പരാതികള്‍ അറിയിക്കാന്‍ കോടതിയെയോ അഭിഭാഷകരെയോ സമീപിക്കേണ്ടെന്നും കിയോസ്കുകള്‍ വഴി പരാതി ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലാത്തതിനാല്‍ പലരും കേസുകള്‍ക്ക് പിറകെ നടന്ന് പണവും സമയവും നഷ്‌ടപ്പെടുത്തുകയാണെന്ന് കഴിഞ്ഞ വര്‍ഷം ഖത്തര്‍ സന്ദര്‍ശിച്ച അന്താരാഷ്‌ട്ര തൊഴില്‍ സംഘടനയിലെ പ്രതിനിധികള്‍ വിലയിരുത്തിയിരുന്നു.
