ദോഹ: ഖത്തറിനെതിരായ ഉപരോധം ഒരു മാസം പിന്നിടുന്‌പോള്‍ രാജ്യത്തെ ജനങ്ങള്‍ ഭരണകര്‍ത്താക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. കൂറ്റന്‍ ഫ്‌ളക്‌സുകളും ദേശീയ പതാകകളും കൊണ്ട് പാതയോരങ്ങളും കെട്ടിടങ്ങളും അലങ്കരിച്ചു കൊണ്ടാണ് ജനങ്ങള്‍ അമീറിനോടും രാജ്യത്തോടുമുള്ള പിന്തുണ അറിയിക്കുന്നത്.
ഉപരോധത്തിനു നടുവിലും ധീരമായ നിലപാടുകളുമായി രാജ്യത്തെ നയിക്കുന്ന അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും മറ്റ് ഭരണാധികാരികള്‍ക്കും പ്രവാസികള്‍ ഉള്‍പെടെയുള്ള ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഉപരോധം ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ തന്നെയാണ് ജനങ്ങളെ ഏറെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തല്‍. അവശ്യവസ്തുക്കളുടെ വിലയില്‍ ചെറിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും ഒരു സുപ്രഭാതത്തില്‍ അയല്‍രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം കടുത്ത അനീതിയാണെന്ന വികാരം ജനങ്ങളില്‍ വര്‍ധിച്ചുവരികയാണ്. സ്വദേശി ഉല്‍പന്നങ്ങള്‍ മാത്രം തെരഞ്ഞെടുത്തും ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ ബഹിഷ്‌കരിച്ചുമാണ് അവര്‍ പ്രതിഷേധം അറിയിക്കുന്നത്. കുല്ലുനാ ഖത്തര്‍ അഥവാ ഞങ്ങള്‍ ഖത്തറിനൊപ്പം എന്ന തലക്കെട്ടില്‍ രാജ്യമെങ്ങും നടക്കുന്ന പ്രചാരണ പരിപാടികളില്‍ സ്വദേശികളും വിദേശികളും ഒരുപോലെ പങ്കാളികളാവുന്നു. രാജ്യത്തെ ഒട്ടുമിക്ക കെട്ടിടങ്ങളും വാഹനങ്ങളും പാതയോരങ്ങളുമെല്ലാം ഷെയ്ഖ് തമീമിന്റെ ചിത്രങ്ങളും പതാകകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
അതേസമയം ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും ചില ഭാഗങ്ങളില്‍ നിന്നുണ്ടാവുന്നത് പലരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഖത്തറിലുള്ള പ്രവാസികളടക്കമുള്ള ജനങ്ങള്‍ രാജ്യത്തിനു പുറത്തു പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ചില വിദേശ മാധ്യമങ്ങളില്‍ വന്ന അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ മലയാളികളിലും ആശങ്കയുണ്ടാക്കിയിരുന്നു. നിജസ്ഥിതി പരിശോധിക്കാതെ ഇത്തരം വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് കഴിഞ്ഞ ദിവസം മലയാളികളായ സാമൂഹ്യ പ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും ബന്ധപ്പെട്ടത്.
