ദോഹ: ഖത്തറില്‍ നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിയമം പൂര്‍ണമായും എടുത്തുകളയാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. മെയ് ദിനത്തോട് അനുബന്ധിച്ചു പേള്‍ ഖത്തറിലെ കെമ്പന്‍സ്‌കി ഹോട്ടലില്‍ നടന്ന സെമിനാറിലാണ് തൊഴില്‍ മന്ത്രി നിര്‍ണായകമായ പ്രഖ്യാപനം നടത്തിയത്.
ആഗോള തൊഴിലാളി ദിനമായ മെയ് ഒന്നിനോടനുബന്ധിച്ചു ഇന്ന് രാവിലെ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച സെമിനാറിലാണ് തൊഴില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോക്ടര്‍ ഈസാ ബിന്‍ സഅദ് അല്‍ ജഫാലി സ്‌പോണ്‍സര്‍ഷിപ്പ് നിയമം പൂര്‍ണമായും റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നതായി അറിയിച്ചത്. കേവല പരിഷ്‌കരണങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല നടപടികളെന്നും സ്‌പോണ്‍സര്‍ഷിപ്പ് നിയമം പൂര്‍ണമായും റദ്ദാക്കാനാണ് മന്ത്രാലയം ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഗതാഗത വകുപ്പുമായി ചേര്‍ന്ന് തൊഴില്‍ മന്ത്രാലയമാണ് 'തൊഴിലാളി ക്ഷേമത്തെ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചത്. ഖത്തര്‍ ദേശീയ വിഷന്‍ 2030ന്റെ ഭാഗമായാണ് രാജ്യത്തെ തൊഴിലാളി സൗഹൃദ രാഷ്ട്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അറബ് മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വരുന്ന തൊഴിലാളികളുടെ എണ്ണം ഖത്തറില്‍ വളരെ കൂടുതലാണെന്നും ഇത്തരം തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് ധാര്‍മിക ബാധ്യതയായാണ് ഖത്തര്‍ മനസിലാക്കുന്നതെന്നും തൊഴില്‍ മന്ത്രി വിശദീകരിച്ചു. തൊഴിലാളികളുടെ പുസ്തകം 2017 എന്ന പേരില്‍ തൊഴില്‍ മന്ത്രാലയം തയാറാക്കിയ പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തി അധ്യക്ഷനായിരുന്നു.
