ഖത്തറിൽ ഇന്ധന വിലയിലുണ്ടായ വർധനവിനെ തുടര്‍ന്ന് യാത്രാനിരക്ക് വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട് .രാജ്യത്തെ സ്വകാര്യ സ്‌കൂളുകളെയാണ് വില വർദ്ധന സാരമായി ബാധിക്കുക. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന ബസ് നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്വകാര്യ സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചതായാണ് സൂചന.

ആഗോള വിപണിയിലെ വില നിലവാരത്തിനനുസരിച്ച് ആഭ്യന്തര വിപണിയിൽ ഓരോ മാസവും എണ്ണ വില പുതുക്കി നിശ്ചയിക്കുന്ന രീതി കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് നിലവിൽ വന്നത്. ഇതനുസരിച്ചു പെട്രോൾ വിലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി അമ്പത് ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ഡീസൽ വിലയിലും വലിയ തോതിലുള്ള വർധനവാണ് അനുഭവപ്പെടുന്നത്. ഗൾഫ് മേഖലയിൽ ഇന്ധന വിലയിൽ താരതമ്യേന കുറവുള്ളത് ഖത്തറിലാണെങ്കിലും അടിക്കടിയുണ്ടാകുന്ന വിലവർധന ചരക്ക് നീക്കം, ടാക്സി സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്ധന വില വർധിപ്പിച്ചതോടെ രാജ്യത്തെ ഒട്ടുമിക്ക ടാക്സി കമ്പനികളും ലിമോസിനുകളും നിരക്ക് വർധിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഇന്ധന വിലയിലുണ്ടായ വർധന കാരണം ബസ് ഫീ വര്ധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് സ്വകാര്യ സ്‌കൂളുകൾ. ഒട്ടുമിക്ക സ്‌കൂളുകളും സ്വകാര്യ ഗതാഗത കമ്പനികളിൽ നിന്നാണ് സ്‌കൂൾ ഗതാഗതത്തിനായി വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നത്. അതുകൊണ്ടുതന്നെ ബസ് നിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിൽ അതുവഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടം തങ്ങൾ സഹിക്കേണ്ടി വരുമെന്ന് മാനേജ്‌മെന്റുകൾ പറയുന്നു.ഇതിൻറെ അടിസ്ഥാനത്തിലാണ് ബസ് നിരക്ക് വർധിപ്പിക്കാൻ ചില സ്വകാര്യ സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി തേടിയത്.