ദോഹ: ഖത്തറിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർ കരുതിയിരിക്കുക. പൊതു സ്ഥലങ്ങളിലെ പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിനു ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. നിയമം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അമീറിനോട് അഭ്യർഥിച്ചു.
കരടു നിയമത്തിലെ നിബന്ധനകൾ പരിശോധിച്ച ശേഷം ശൂറാ കൌൺസിലിന്റെ ശിപാർശ കൂടി ലഭിച്ച സാഹചര്യത്തിലാണ് നിയമത്തിന് അംഗീകാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. 2002 ലെ ഇരുപതാം നമ്പർ പുകവലി വിരുദ്ധ നിയമത്തിൽ പുതിയ വകുപ്പുകൾ കൂടി കൂട്ടിച്ചേർത്ത് ശക്തമാക്കിയാണ് പുകവലി വിരുദ്ധ നിയമത്തിനു രൂപം നൽകിയത്. മാളുകൾ,ഹോട്ടലുകൾ,ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പുകവലിക്കുന്നവരിൽ നിന്ന് 3000 റിയാൽ പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ പുകവലി വിരുദ്ധ നിയമം.
പൊതുസ്ഥലത്ത് പുകവലിക്കുന്നവരിൽ നിന്നും നിലവിൽ 500 റിയാലാണ് ഈടാക്കുന്നത്. 18 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റോ മറ്റ് പുകയില ഉത്പന്നങ്ങളോ വിൽക്കുന്നതും ഇലക്ട്രോണിക് സിഗരറ്റുകൾ, സെയ്ക്കകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതും കൈവശം വെക്കുന്നതും വിൽപന നടത്തുന്നതും പുതിയ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മാളുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ പുകവലിക്കാനോ മറ്റ് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാനോ അനുമതി നൽകുന്നവർക്കും 3000 റിയാൽ പിഴ ശിക്ഷ ലഭിക്കും.
ഇത്തരം സ്ഥാപനങ്ങൾ മൂന്നു മാസത്തേക്ക് അടച്ചു പൂട്ടാനും ഈ ഉത്തരവ് സ്ഥാപനത്തിന്‍റെ ചിലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്താനും നിയമം അനുശാസിക്കുന്നു. പുകയില ഉൽപന്നങ്ങൾക്ക് ചുമത്തുന്ന ഇറക്കുമതി ചുങ്കത്തിന്റെ അഞ്ചു ശതമാനം ആരോഗ്യ ബോധവൽകരണത്തിനു ഉപയോഗിക്കും. സിഗരറ്റുകളും മറ്റ് പുകയില ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യാൻ അനുവാദമുള്ളവർ ചരക്ക് രാജ്യത്തേക്ക് എത്തുന്നതിന് ഒരാഴ്ച മുമ്പ് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും നിയമം അനുശാസിക്കുന്നു.
