അസോസിയേഷനെ തുണച്ച് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: പൊലീസുകാര്‍ക്കുളള നല്ല നടപ്പ് ക്ലാസിലും വാക്പോര്. പൊലീസ് അസോസിയേഷനെ വിമര്‍ശിച്ച് മുന്‍ ഡിജിപി കെ.ജെ.ജോസഫ് രംഗത്തെത്തി. പൊലീസ് അസോസിയേഷന്‍ കേസ് അന്വേഷണത്തില്‍ ഇടപെടുന്നു എന്ന് കെ.ജെ.ജോസഫ് വിമര്‍ശിച്ചു. അതേസമയം, അങ്ങനെയുളള ഒരു കേസ് പറയാമോ എന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ മറുചോദ്യം ചോദിച്ചു. 

സംസ്ഥാനത്തെ ആദ്യത്തെ ക്ലാസായിരുന്നു ഇത്. മുന്‍‌ പൊലീസ് മേധാവിമാരെ കൊണ്ടാണ് നല്ല നടപ്പ് ക്ലാസ് നടത്തിയത്. അതേസമയം, പൊലീസ് അസോസിയേഷന്‍ കേസ് അന്വേഷണത്തില്‍ ഇടപെടുന്നു എന്ന വിമര്‍ശനം ഉന്നയിക്കുകയായിരുന്നു കെ.ജെ.ജോസഫ് ആദ്യം ചെയ്തത്. എന്നാല്‍ ക്ലാസില്‍ മുന്‍ നിരയില്‍ ഇരുന്ന പൊലീസ് അസോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റ് പൃഥ്വിരാജ് കെ.ജെ.ജോസഫിനോട് മറുചോദ്യം ചോദിച്ചു. അങ്ങനെയുളള ഒരു കേസ് പറയാമോ എന്നായിരുന്നു പൃഥ്വിരാജിന്‍റെ മറുപടി. താങ്കളുടെ കാലത്തുളള പൊലീസല്ല ഇത്, ഇപ്പോള്‍ പൊലീസ് മാറിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ ഏറെ നേരം വാക്പോരും നടന്നു.

അതേസമയം, ലോക്നാഥ് ബെഹ്റ അസോസിയേഷനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാരിന്‍റെ അംഗീകാരത്തോടെയാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു ബെഹറയുടെ നിലപാട്.

കേരള പൊലീസിനെതിരെ നിരന്തരം വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പൊലീസുകാരെ നല്ല നടപ്പ് പഠിപ്പിക്കാൻ മുൻ പൊലീസ് മേധാവിമാരുടെ പരിശീലനം ഒരുക്കിയത്. നിരന്തരമായുയരുന്ന വിർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിപി ലോക്നാഥ് ബഹ്റയുടെ തീരുമാനം.