ഖത്തര്‍ ഉപരോധം അനിശ്ചിതമായി നീളുന്നത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ എന്ന ഏകീകൃത സംവിധാനത്തിന്റെ നിലനില്‍പ്പു തന്നെ ചോദ്യംചെയ്യുകയാണ്. അംഗരാജ്യങ്ങള്‍ തമ്മില്‍ അടിക്കടി ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളില്‍ ജിസിസി ഇടപെടല്‍ ഫലപ്രദമല്ലെന്ന ആക്ഷേപം ഉയരുന്നതായി ഞങ്ങളുടെദോഹ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തീരത്തുള്ള ആറു രാജ്യങ്ങള്‍ ചേര്‍ന്ന് 1981 മെയ് 25നാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രൂപീകരിച്ചത്. നിലവിലുള്ള ആറു രാജ്യങ്ങള്‍ക്ക് പുറമെ ജോര്‍ദാന്‍, മൊറോക്കോ, യമന്‍ എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി കൗണ്‍സില്‍ വിപുലീകരിക്കാന്‍ തുടക്കത്തില്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പിന്നീടത് നടക്കാതെ പോയി. ഗള്‍ഫ് രാജ്യങ്ങള്‍ക്കായി ഏകീകൃത കറന്‍സി നടപ്പിലാക്കുകയെന്ന പ്രാരംഭ ലക്ഷ്യവും കൗണ്‍സില്‍ രൂപീകരിച്ചു 37 വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ നടപ്പിലായില്ല. ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള റയില്‍വേ പദ്ധതിയാവട്ടെ ഇനിയും പാതിവഴിയിലാണ്. ഇതിനിടയില്‍ പലപ്പോഴായി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നെങ്കിലും ഉപരോധമുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുന്നത് ഇതാദ്യമാണ്. മൂന്ന് അംഗരാജ്യങ്ങള്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നേതൃത്വം ഈ വിഷയത്തില്‍ തുടരുന്ന മൗനം രാഷ്‌ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നു. കാര്യങ്ങള്‍ ഈ വഴിക്ക് നീങ്ങുകയാണെങ്കില്‍ ഭാവിയില്‍ സഹകരണ കൗണ്‍സിലിലെ ഖത്തറിന്റെ പങ്കാളിത്തം ഏതു വിധമായിരിക്കുമെന്ന ചോദ്യവും നിലവിലെ പ്രതിസന്ധി ഉയര്‍ത്തികാട്ടുന്നുണ്ട്. ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്കു ഉത്തരം ലഭിക്കേണ്ടതുണ്ടെന്ന ഖത്തര്‍ വിദേശ കാര്യ മന്ത്രിയുടെ പ്രസ്താവന ഇതിലേക്കുള്ള സൂചനയാണോ എന്നും ചിലര്‍ സംശയിക്കുന്നു.