രണ്ടു ദിവസം സമയം നീട്ടി നൽകിയതിന് തൊട്ടുപിന്നാലെ ഉപരോധ രാജ്യങ്ങൾ മുന്നോട്ടുവച്ച പതിമൂന്നു നിബന്ധനകളും ഖത്തർ തള്ളി. സൈനിക നടപടി ഉൾപ്പെടെ എന്തും നേരിടാൻ സജ്ജമാണെന്നാണ് ഖത്തറിന്റെ നിലപാട്.
ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സൗദി അനുകൂല രാജ്യങ്ങൾ മുന്നോട്ടുവെച്ച 13 ഉപാധികൾ നടപ്പിലാക്കുന്നതിന് നേരത്തെ പത്തു ദിവസത്തെ കാലാവധി അനുവദിച്ചിരുന്നു. ഈ കാലയളവ് ഇന്ന് രാവിലെ അവസാനിച്ചതിനെ തുടർന്ന് കുവൈത്തിന്റെ അഭ്യർത്ഥന മാനിച്ചു വീണ്ടും നാല്പത്തിയെട്ട് മണിക്കൂർ കൂടി കാലാവധി നീട്ടി നൽകിയിട്ടുണ്ട്. എന്നാൽ ഉപാധികൾ നടപ്പിലാക്കാൻ തയാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ഖത്തർ സൈനിക നടപടി ഉൾപ്പെടെ തങ്ങൾക്കെതിരെയുണ്ടാകുന്ന ഏതു നീക്കവും നേരിടാൻ രാജ്യം സന്നദ്ധമാണെന്നും അറിയിച്ചു. ഇതിനു പിന്നാലെയാണ് ഉപാധികൾ തള്ളാനുള്ള കാരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദീകരണം രേഖാമൂലം കൈമാറാൻ ഖത്തർ വിദേശകാര്യ മന്ത്രി കുവൈറ്റിലെത്തിയത്. കുവൈത്ത് അമീറുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം ഉടൻ തന്നെ ദോഹയിലേക്ക് തിരിച്ചതായാണ് വിവരം. ബുധനാഴ്ച കൈറോയിൽ നടക്കുന്ന സൗദി സഖ്യരാജ്യങ്ങളുടെ പ്രത്യേക കൂടിക്കാഴ്ചയിൽ ഖത്തറിന്റെ പ്രതികരണം ചർച്ചയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങൾ ചർച്ച ചെയ്യുന്നതിന് അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി ടെലഫോണിൽ സംഭാഷണം നടത്തി. പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക മുൻകൈയെടുത്തു നടത്തിയ ശ്രമങ്ങൾ ട്രംപ് അമീറിനെ ധരിപ്പിച്ചതായാണ് വിവരം. അന്താരാഷ്‍ട്ര തലത്തിൽ വർധിച്ചു വരുന്ന തീവ്രവാദ പ്രവണതകളെ നേരിടാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നു ഇരു നേതാക്കളും പരസ്പരം ഉറപ്പു നൽകിയതായും അൽജസീറ റിപ്പോർട് ചെയ്തു.
