നല്ല ജോലിക്കായി ഖത്തറിലെത്തിയ നാലു ഇന്ത്യക്കാര്‍ക്ക് ലഭിച്ചത് മരുഭൂമിയില്‍ ഒട്ടകത്തെ മേയ്‍ക്കുന്ന ജോലി

ഖത്തറില്‍ ജോലിക്കായി എത്തിയ നാലു ഇന്ത്യക്കാര്‍ക്ക് ലഭിച്ചത് മരുഭൂമിയില്‍ ഒട്ടകത്തെ മേയ്‍ക്കുന്ന ജോലി. ഏജന്റിന്റെ ചതിയില്‍പ്പെട്ട ഇവരെ നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍.

മൂന്നു ഉത്തര്‍പ്രദേശുകാരും ഒരു രാജസ്ഥാന്‍കാരനുമാണ് ഏജന്റ് നല്‍കിയ വിസയില്‍ ജോലിതേടി ഖത്തറില്‍ എത്തിയത്. എന്നാല്‍ ഇവരെ ഖത്തറില്‍ കൊണ്ടുവന്നവര്‍ സൗദിയിലേക്കുള്ള വിസിറ്റ് വിസ സംഘടിപ്പിച്ചു പല ദിവസങ്ങളിലായി ഇവരെ സൗദിയിലേക്ക് കടത്തി.
പിന്നീട് മരുഭൂമിയില്‍ വിവിധ സ്ഥലങ്ങളില്‍ ഒട്ടകത്തെ മേയ്‍ക്കുന്ന ജോലിയാണ് നല്‍കിയത്. ഖത്തറില്‍ ഡ്രൈവര്‍ ജോലിക്കായി കൊണ്ടുവന്ന ലക്‌നൗ സ്വദേശി അമര്‍നാഥ് രണ്ടു വര്‍ഷത്തോളമാണ് സൗദി മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ച്ചത്.
അവസാനം കിലോമീറ്ററുകള്‍ മരുഭൂമിയിലൂടെ നടന്നാണ് രക്ഷപ്പെട്ടത്.

ഖത്തറില്‍ നിന്ന് ഇത്തരത്തില്‍ നിരവധിപേര് സൗദിയില്‍ എത്തപ്പെട്ടിട്ടുണ്ടെന്ന് എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അറ്റാഷെ രാജേന്ദ്രന്‍ പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തകന്‍ നസ്‌വാക്കത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന നാലുപേരും എംബസിയില്‍ നിന്ന് വിമാന ടിക്കറ്റ് ലഭിച്ചാലുടന്‍ നാട്ടിലേക്കു മടങ്ങും.