ഗൾഫ് പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കുന്നത് സംബന്ധിച്ച് ഖത്തർ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഉപരോധം പ്രഖ്യാപിച്ച ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ചര്‍ച്ചയാണിത്. എന്നാൽ വാർത്ത പുറത്തു വന്നതിനു തൊട്ടുപിന്നാലെ ഖത്തറുമായുള്ള സമാധാന ചർച്ചകൾക്കുള്ള സാദ്ധ്യതകൾ തള്ളി വീണ്ടും സൗദി രംഗത്തെത്തി.

ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാഷിംഗ്ടണിൽ കുവൈറ്റ് അമീറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും സൗദി കിരീടാവകാശി സൽമാൻ രാജകുമാരനും തമ്മിൽ ഇതുസംബന്ധിച്ചു കഴിഞ്ഞ ദിവസം ടെലിഫോണിൽ ചർച്ചകൾ നടത്തിയത്. . ജി.സി.സി. രാജ്യങ്ങള്‍ക്കിടയിലെ ഐക്യവും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ അനിവാര്യത ഇരുവരും ചര്‍ച്ച ചെയ്തതായി ഖത്തർ ന്യുസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രശ്‌ന പരിഹാരം സംബന്ധിച്ചുള്ള ചര്‍ച്ചക്ക് രണ്ട് പ്രതിനിധികളെ നിയോഗിക്കണമെന്ന സൗദി കിരിടീവകാശിയുടെ നിര്‍ദേശം അമീര്‍ സ്വാഗതം ചെയ്തു.

രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കാത്ത തരത്തിലുള്ള ചര്‍ച്ചക്കാണ് പ്രതിനിധികളെ നിയോഗിക്കുന്നതെന്നും സൗദി രാജകുമാരൻ വ്യക്തമാക്കിയിരുന്നു. . ഗൾഫ് പ്രതിസന്ധി ക്ക് ശേഷം ഇരു നേതാക്കളും തമ്മിൽ ആദ്യമായി നടത്തിയ ചർച്ചയെ പ്രതിസന്ധിക്ക് അയവു വരുന്നതിന്റെ സൂചനയായാണ് പലരും വിലയിരുത്തിയത്. അതേസമയം ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മില്‍ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ചു ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രചരിച്ച തൊട്ടുപിന്നാലെ ഖത്തറുമായി ചര്‍ച്ച നടത്താനുള്ള പദ്ധതി റദ്ദാക്കുമെന്ന പ്രസ്താവനയാണ് സൗദി വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്. എന്നാല്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കിയതെന്നാണ് സൂചന. സൗദിയുമായുള്ള ചർച്ചയ്‌ക്ക്‌ ദോഹയാണ് മുൻകൈയെടുത്തതെന്ന പരാമര്‍ശം ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വാര്‍ത്തയില്‍ ഉൾപെടുത്താതിരുന്നതാണ് വീണ്ടും തര്‍ക്കത്തിന് ഇടയാക്കിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.