ആവശ്യമെങ്കിൽ സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിർദേശമുണ്ട്. പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നാണ് കേസ്.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ നടന്‍ സൗബിന്‍ ഷാഹിറിനെയും പിതാവ് ബാബു ഷാഹിറിനെയും കൊച്ചി മരട് പൊലീസാണ് ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യലിനായി സൗബിനും പിതാവും ഇവരുടെ ബിസിനസ് പങ്കാളി ഷോണ്‍ ആന്‍റണിയും സ്റ്റേഷനില്‍ എത്തിയത്.

അരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയിലാണ് മൂവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. മഞ്ഞുമ്മല്‍ ബോയ്സിന്‍റെ നിര്‍മാണത്തിനായി താന്‍ നല്‍കിയ ഏഴു കോടി രൂപ തിരികെ നല്‍കിയില്ലെന്നായിരുന്നു സിറാജിന്‍റെ പരാതി. കേസില്‍ മൂന്നു പ്രതികള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയുടെ നിര്‍മാണത്തിനായി കണ്ടെത്തിയ പണത്തിന്‍റെ ഉറവിടത്തെ കുറിച്ചും ആകെ കളക്ഷനെ കുറിച്ചുമടക്കമുളള വിവരങ്ങളാണ് പൊലീസ് പ്രതികളില്‍ നിന്ന് തേടുന്നത്.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്