തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയിൽ പത്തരക്കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കും ഭർത്താവിനുമെതിരെ വിജിലൻസിന്റെ ത്വരിതപരിശോധന. മന്ത്രിക്കെതിരായ പരാതി നാളെ വിജിലൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് ത്വരിത പരിശോധനക്ക് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി പ്രതികരിച്ചു.

ധനവിനിയോഗ ബില്ലിന്‍റെ ചർച്ചക്കിടെ വിഡി സതീശൻ നിയമസഭയിൽ ഉന്നയിച്ച് അഴിമതി ആരോപണത്തിലാണ് ത്വരിത പരിശോധന. സതീശന്‍റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് പി.റഹീമാണ് വിജിലൻസിന് പരാതി നൽകിയത്. കഴിഞ്ഞ സെപ്റ്റംബറിലും ഒക്ടോബറിലും കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്സും തോട്ടണ്ടി വാങ്ങിയതിൽ അഴിമതി നടന്നുവെന്നായിരുന്നു ആക്ഷേപം, കുറഞ്ഞ വില ക്വാട്ട് ചെയ്ത കമ്പനികളെ തഴഞ്ഞ് കൂടിയ വില മുന്നോട്ട് വെച്ച് കമ്പനിയിൽ നിന്നും കശുവണ്ടി വികസന കോർപ്പറേഷൻ തോട്ടണ്ടി വാങ്ങി, വില കൂടിയെന്ന് പറഞ്ഞ് ടെണ്ടർ നിരസിച്ച കമ്പനിയിൽ നിന്ന് തന്നെ പത്ത് ദിവസത്തിനുള്ളിൽ ഉയർന്ന വിലക്ക് കാപ്പക്സ് തോട്ടണ്ടി വാങ്ങി. 

ഒരു കമ്പനിക്ക് ടെണ്ട‍ർ കിട്ടാൻ രേഖകളിൽ കൃത്രിമം കാണിച്ചു എന്നൊക്കെയാണ് ആക്ഷേപം. പത്തരക്കോടിയുടെ അഴിമതി നടന്ന ഇടപാടിലൂടെ സർക്കാറിന് വൻ നഷ്ടമുണ്ടായെന്നാണ് ആരോപണം. മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഭർത്താവും കാപ്പക്സ് മുൻ ചെയർമാനുമായ തുളസീധരക്കുറുപ്പ്, കശുവണ്ടി വികസന കോർപ്പറേഷന്റേയും കാപ്പക്സിന്റെയും എംഡിമാർ, തോട്ടണ്ടി നൽകിയ 5 സ്ഥാപനങ്ങളുടെ മേധാവിമാർ എന്നിവർക്കെതിരെയാണ് അന്വേഷണം.

കഴിഞ്ഞ നവംബർ 30ന് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും അന്വേഷണം പ്രഖ്യാപിച്ചില്ല. തുടർന്ന് അഡ്വക്കേറ്റ് റഹീം തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയെ സമീപിച്ചു. നാളെ കോടതി പരാതി പരിഗണിക്കാനിരിക്കെയാണ് വിജിലൻസ് ഡയറക്ടർ ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്. വിജിലൻസ് പരാതിക്കാരിന്റെ മൊഴി രേഖപ്പെടുത്തി.അന്വേഷണത്തെ മന്ത്രി സ്വാഗതം ചെയ്തു.

ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം നിർത്തുമെന്ന മുൻ നിലപാടിൽ മന്ത്രി ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് പ്രതിപക്ഷം ചോദിച്ചു സത്യസന്ധമായ അന്വേഷണം നടന്നാൽ മേഴ്സിക്കുട്ടിയ കുടുങ്ങുമെന്ന് വിഡിസതീശൻ പ്രതികരിച്ചു.