ക്രിമിനൽ ചട്ടമനുസരിച്ച് കസ്റ്റഡി മരണത്തിന് ഇടയാക്കിയ ആൾക്കെതിരെയും നടപടി വേണമെന്നും ആർ ബാലകൃഷ്ണപിള്ള

കോഴിക്കോട്: വരാപ്പുഴ കസ്റ്റഡി മരണം റൂറൽ എസ്പിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആർ ബാലകൃഷ്ണപിള്ള. മൂന്ന് പൊലീസുകാരെ മാത്രം ബലിയാടാക്കരുത്. ക്രിമിനൽ ചട്ടമനുസരിച്ച് കസ്റ്റഡി മരണത്തിന് ഇടയാക്കിയ ആൾക്കെതിരെയും നടപടി വേണമെന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞു.

അപ്രഖ്യാപിത ഹർത്താലില്‍ കർശന നടപടി ആവശ്യം. ഹർത്താലിന് പിന്നിൽ ബ്രെയിൻ ഉണ്ട്. കേരളം ആയതിനാൽ ആണ് അക്രമം പടരാതിരുന്നത് എന്നും ബാലകൃഷ്ണപിളള കൂട്ടിച്ചേര്‍ത്തു.

അതേസമയം, വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ കുറ്റാപോപിതനായ എസ്ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘമാണ് വരാപ്പുഴ എസ്ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നത് .

എസ്ഐ അടക്കമുളളവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ശ്രീജിത്തിന്‍റെ കുടുംബം പറഞ്ഞു. മൂന്ന് ആര്‍ടിഎഫുകാർ മാത്രമല്ല പ്രതികൾ. എസ്ഐ ദീപക്, പറവൂർ സിഐ, റൂറൽ എസ്പി എന്നിവരും ശ്രീജിത്തിന്‍റെ മരണത്തിനു ഉത്തരവാദികൾ ആണെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത് വയറു വേദനയെ തുടര്‍ന്നാണ് എന്ന് ആദ്യ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ ആദ്യ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോ.ജോസ് സഖറിയാസിന്റേതാണ് വെളിപ്പെടുത്തല്‍. ശ്രീജിത്തിന് മൂത്ര തടസവും ഉണ്ടായിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം സ്കാൻ ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചിരുന്നുവെന്നു ഡോക്ടര്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പോലീസ് കാർ ആദ്യം ശ്രീജിത്തിനെ എത്തിച്ചത് വരാപ്പുഴ മെഡിക്കൽ സെന്റർ എന്ന സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു.