കൊല്ലം: താന്‍ സവര്‍ണരുടേയും അവര്‍ണരുടേയും ആളല്ലെന്ന് ആര്‍ ബാലകൃഷ്ണപിളള. വി എസിന്‍റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫിനൊപ്പമുണ്ടാകും. മുന്നണി പ്രവേശനം സാങ്കേതിക നടപടിക്രമം മാത്രമെന്നും ബാലകൃഷ്ണപിളള പറഞ്ഞു.  

വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്നായിരുന്നു വിഎസിന്‍റെ പ്രസ്താവന. സ്ത്രീവിരുദ്ധതയും സവർണ മേധാവിത്വവുമുള്ളവർ ഇടത് മുന്നണിയില്‍ വേണ്ടെന്നും വിഎസ് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ബാലകൃഷ്ണപിളള രംഗത്തെത്തിയത്. 

ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരണം നടത്തിയത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.  

എം പി വിരേന്ദ്രകുമാറിന്‍റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജനാധിപത്യ കേരള കോണ്‍ഗ്രസ്, നേരത്തേ ഇടതുമുന്നണിയിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളാണ് ഇപ്പോള്‍ എല്‍ഡിഎഫിന്‍റെ ഭാഗമായിരിക്കുന്നത്.