തന്റെ ഭാവി മരുമകള്‍ക്ക് ആവശ്യമായ യോഗ്യതകള്‍ വിവരിച്ച് ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമാ റാബ്റി ദേവി നടത്തിയ പ്രസ്താവനകള്‍ വിവാദമാകുന്നു. തന്റെ മക്കളും ഇപ്പോഴത്തെ മന്ത്രിമാരുമായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും നല്ല സംസ്കാരമുള്ള പെണ്‍കുട്ടികളെ വേണമെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ എഴുപതാം ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് റാബ്റി ദേവി പ്രസംഗിച്ച് തുടങ്ങിയത്. പിന്നാലെ മരുമക്കള്‍ക്ക് വേണ്ട യോഗ്യതകള്‍ വിവരിച്ചു.

വീട് നന്നായി നോക്കണം. തന്നെപ്പോലെയുള്ള മുതിര്‍ന്നവരെയെല്ലാം വേണ്ട വിധത്തില്‍ ബഹുമാനിക്കണം. എന്നാല്‍ ഷോപ്പിങ് മാളുകളിലും സിനിമാ തീയറ്ററുകളിലും പോകുന്ന പെണ്‍കുട്ടികളെ ആവശ്യവുമില്ല- റാബ്റി പറഞ്ഞു. ലാലുവും മകള്‍ മിസ ഭാരതിയും രണ്ട് ആണ്‍മക്കളും ആയിരം കോടിയുടെ അഴിമതി വിവാദങ്ങളുടെ നിഴലില്‍ നില്‍ക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങള്‍ക്ക് റാബ്റി ദേവി തന്നെ തിരി കൊളുത്തിയത്. എന്തായാലും റാബ്റിയുടെ പ്രസംഗം ട്വിറ്ററില്‍ ഏറെ പരിഹാസങ്ങള്‍ക്കാണ് വഴിവെച്ചത്.